ഷിരൂർ മണ്ണിടിച്ചിലിൽ മരണമടഞ്ഞ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റെ ചേതനയറ്റ ശരീരം വീട്ടിൽ എത്തിച്ചപ്പോൾ ഉണ്ടായത് അതിവൈകാരിക നിമിഷങ്ങൾ. അർജുനെന്ന പേര് ഹൃദയത്തോട് ചേർത്തുവെച്ച ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
കാർവാറിലെ ഗവ. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിഎൻഎ പരിശോധനാ ഫലം വന്നതിന് പിന്നാലെ കുടുംബത്തിന് കൈമാറുകയായിരുന്നു. അർജുൻ്റെ സഹോദരൻ അഭിജിത്തും ഭാര്യാസഹോദരൻ ജിതിനും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വീട്ടിലേക്കുളള മടക്കയാത്രയിൽ തലപ്പാടിയിലും കാസർകോഡുമൊക്കെയായി നിരവധിപ്പേർ അർജുന് യാത്രാമൊഴി നൽകി. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും സംസ്ഥാന സർക്കാനിനുവേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
സങ്കടം പെയ്തിറങ്ങുകയായിരുന്നു അർജുൻ്റെ വീട്ടുമുറ്റം. അച്ഛനും അമ്മയും പെങ്ങളും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടംബം സങ്കടം താങ്ങാനാകാതെ നെടുവീർപ്പെട്ടു.നാടിൻ്റെ നാനാദിക്കിൽനിന്നും ഒഴുകിയെത്തിയ ജനസാഗരം ആ ദുഖത്തിൽ ഒപ്പം ചേർന്നു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും അർജുൻ്റെ വീട്ടിലേക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി.
കുടുംബത്തിൻ്റെ പ്രാരാബ്ദങ്ങൾ സ്വന്തം ചുമലിലേറ്റിയായിരുന്നു അർജുൻ്റെ ജീവിതം. 82 ദിവസം മുമ്പാണ് അർജുൻ വീടിൻ്റെ പടിയിറങ്ങി കർണാടകയിലേക്ക് പോയത്. തിരികെയെത്തിയിട്ട് ചെയ്തുതീർക്കാനുളള നിരവധി കാര്യങ്ങളുണ്ടായിരുന്നു.സഹോദരിയുടെ വിവാഹവും വീടിൻ്റെ പെയിൻ്റിംഗും ഉൾപ്പെടെയുളള സ്വപ്നങ്ങൾ ബാക്കിനിൽക്കേയാണ് ഷിരൂരിൽ മണ്ണിടിച്ചിലപടകം. ഒടുവിൽ പ്രാരാബ്ദങ്ങളില്ലാത്ത ലോകത്തേക്ക് അർജുൻ്റെ മടക്കം.