ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുൻ്റേതുതന്നെയാണെന്ന് കാർവാറിലെ ഫൊറൻസിക് സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മൃതദേഹവുമായി അർജുൻ്റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും. ആശുപത്രിയിലെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹവുമായി കേരളത്തിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും അനുജൻ അഭിജിത്തും.
അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് 71 ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെടുത്തത്. മൂന്നാം ഘട്ടത്തിലുള്ള തിരച്ചിലിൽ ഡ്രഡ്‌ജിങ് നടത്തിയാണ് ലോറി പുഴയിൽ നിന്ന് കണ്ടെടുത്തത്. ഗംഗാവലി പുഴയുടെ 12 മീറ്റർ താഴ്‌ചയിൽ നിന്നാണ് ലോറി ഉയർത്തിയെടുത്തത്. ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുന്റെ ലോറി അപകടത്തിൽപ്പെട്ടത്.