കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ലോറിയും മൃതദേഹവും കിട്ടിയതിന് പിന്നാലെ കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. വേദനയോടെയല്ലാതെ ആർക്കും അർജുന്റെ വേർപാട് അംഗീകരിക്കാൻ സാധിക്കുന്നില്ല. ഈ അവസരത്തിൽ അർജുന്റെ കുടുംബത്തിന് കൈത്താങ്ങായി എന്നുമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുകയാണ് ലോറി ഉടമ മനാഫ്.
തനിക്ക് ഇന്ന് മുതൽ മൂന്നല്ല, നാല് മക്കളാണെന്നും അർജുൻ്റെ മാതാപിതാക്കൾക്ക് ഇനിയുള്ള കാലം മകനായി കൂടെയുണ്ടാകുമെന്നുമാണ് മനാഫ് നിറകണ്ണുകളോടെ പറയുന്നത്. അർജുൻ്റെ കുട്ടിയെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തുമെന്നും എന്ത് സഹായത്തിനും കുടുംബത്തിനൊപ്പമുണ്ടാകുമെന്നും ദൃഢനിശ്ചയത്തോടെ മനാഫ് വ്യക്തമാക്കി.
അർജുന് വേണ്ടി കഴിഞ്ഞ 72 ദിവസങ്ങളായി ഷിരൂരിൽ നടത്തിയ തിരച്ചിലിൽ മുൻപന്തിയിൽ നിൽക്കുകയായിരുന്നു മനാഫ്. ഒരുഘട്ടത്തിൽ തിരച്ചിൽ അവസാനിച്ചെന്ന് തോന്നിയപ്പോൾ അർജുന്റെ കുടുംബത്തോടൊപ്പം നിന്ന് തിരച്ചിൽ തുടരുന്നതിനായി അധികാരികളെ സമീപിക്കാനും മനാഫ് ഉണ്ടായിരുന്നു.