യുഎഇയിൽ ഇന്ന് വ്യാഴാഴ്ച പതാക ദിനമായി ആചരിക്കും. യുഎഇയുടെ രണ്ടാമത് പ്രസിഡൻ്റായി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004-ൽ അധികാരമേറ്റതിൻ്റെ സ്മരണാർഥമാണ് ഈ ദിവസം പതാകദിനമായി ആചരിക്കുന്നത്.
ദേശസ്നേഹവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന ചതുർവർണ പതാക രാവിലെ 11 മണിക്ക് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉയർത്താൻ നിർദേശമുണ്ട്. ദേശീയ പതാകദിനം എല്ലാവരും ആഘോഷിക്കണമെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞദിവസം ആഹ്വാനം ചെയ്തു.
വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം പതാകദിനാഘോഷത്തിൽ പങ്കാളിയാകും. സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യസ്‌നേഹം പങ്കുവെയ്ക്കുന്ന വേളയാണിത്.
യുഎഇ ദേശീയപതാകയെ അപമാനിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ 25 വർഷം വരെ തടവും 5,00,000 ദിർഹം പിഴയും ലഭിക്കും. യുഎഇയുടെ ദേശീയ ചിഹ്നങ്ങളെ തികഞ്ഞ ആദരവോടെ പരിഗണിക്കണമെന്നാണ് നിയമം.