താൻ എ.ഡി.എച്ച്.ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ) രോഗബാധിതയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ആലിയ ഭട്ട്. എ.ഡി.എച്ച്.ഡി ഉള്ളതിനാൽ മേക്കപ്പ് കസേരയിൽപ്പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ലെന്നാണ് ആലിയ തുറന്നു പറഞ്ഞത്.
ഒരു മേക്കപ്പ് കസേരയിൽ 45 മിനിറ്റിൽ കൂടുതൽ ചെലവഴിക്കില്ല. എ.ഡി.എച്ച്.ഡി ഉള്ളതുകൊണ്ടാണ് തനിക്ക് ഒരിടത്ത് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയില്ല. എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ് തനിക്കുള്ളതെന്നാണ് ആലിയ പറഞ്ഞത്. അടുത്തിടെയാണ് മലയാളം താരങ്ങളായ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് എ.ഡി.എച്ച്.ഡി ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് എ.ഡി.എച്ച്.ഡി. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരിക, ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുക, ഒരു സ്ഥലത്തും അടങ്ങിയിരിക്കാതെ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുക എന്നിവയാണ് എഡിഎച്ച്ഡി രോഗമുള്ളവരിൽ കാണപ്പെടുന്നത്.
അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക, മറവി, സമയനിഷ്ട ഇല്ലായ്മ, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയാണ് ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ.