ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനിടെ ഗംഗാവലി പുഴയിൽ നിന്ന് ഒരു ലോറിയുടെ എൻജിൻ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എൻജിൻ അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
അർജുൻ ഓടിച്ചിരുന്നത് ഭാരത് ബെൻസിൻ്റെ ലോറിയായിരുന്നു. എന്നാൽ, ഇപ്പോൾ ലഭിച്ചിരിക്കുന്നത് ടാറ്റയുടെ എൻജിനാണ് എന്നാണ് മനാഫ് വ്യക്തമാക്കിയത്. ഇതോടെ ഇത് ടാങ്കറിന്റേതാണോ അല്ലെങ്കിൽ മറ്റേതെങ്കിലും ലോറിയുടേതോ ആകാമെന്നാണ് വിലയിരുത്തൽ. എൻജിൻ പുറത്തേക്കെത്തിച്ചിട്ടുണ്ട്. അർജുന്റെ ലോറിയുടെ ഭാഗമല്ലെന്ന് വ്യക്തമായതോടെ സംഘം തിരച്ചിൽ തുടരുകയാണ്.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനൊപ്പം മുങ്ങൽവിദഗ്‌ധനായ ഈശ്വർ മാൽപെയും സംഘവും സ്ഥലത്തുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഓഗസ്റ്റ് 16നായിരുന്നു അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. തുടർന്ന് അർജുന്റെ മാതാപിതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടുകണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജർ ഉപയോഗിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.