അധികാരത്തിലെത്തിയതിന്റെ അരനൂറ്റാണ്ട് പിന്നിട്ട് ഫുജൈറ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി. 1974 സെപ്റ്റംബർ 18-ന് പിതാവ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ മരണത്തിന് ശേഷമാണ് ഷെയ്ഖ് ഹമദ് അധികാരം ഏറ്റെടുക്കുന്നത്.
സെപ്റ്റംബർ 18നാണ് അദ്ദേഹം തന്റെ അധികാരത്തിന്റെ 50 വർഷം പൂർത്തിയാക്കിയത്. കഴിഞ്ഞ 50 വർഷക്കാലം ഫുജൈറയെ പ്രാദേശിക, അന്തർദേശീയ, തലങ്ങളിൽ തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനും സാമ്പത്തികമായി വൻകുതിപ്പ് കൈവരിക്കുന്നതിനും ഷെയ്ഖ് ഹമദിന് സാധിച്ചു.
സാമ്പത്തികം, വിനോദ സഞ്ചാരം, സാമൂഹികം, സാംസ്‌കാരികം എന്നീ മേഖലകളിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്‌ത് അതിവേഗം നടപ്പിലാക്കുകയായിരുന്നു ഫുജൈറ ഭരണാധികാരി. ‘ശോഭനമായ ഭാവിയിലേക്ക് ഞങ്ങൾ ദൃഢനിശ്ചയത്തോടെ മുന്നേ റുന്നു, അസാധ്യമായത് ഒന്നുമില്ല’ എന്ന ഷെയ്ഖ് ഹമദിന്റെ വാക്കുകളാണ് ഫുജൈറയുടെ വികസനത്തിന് ചുക്കാൻ പിടിച്ചത്.
യുഎഇയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്ന്, തന്ത്രപ്രധാനമായ അബുദാബി ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ പദ്ധതി, രാജ്യത്തെ ഏറ്റവും വലിയ എണ്ണ ബർത്ത്, ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ തീരത്ത് കൂറ്റൻ എണ്ണക്കപ്പലുകൾ കയറ്റുന്നതിനുള്ള ലോകത്തിലെ ഏറ്റവും ആഴമേറിയ ബർത്ത്, ഫുജൈറ ഓയിൽ ഇൻഡസ്ട്രീസ്, വ്യോമയാന, ഗതാഗത, ടൂറിസം മേഖലയുടെ പെട്ടെന്നുള്ള വളർച്ച തുടങ്ങിയവ ഫുജൈറയെ എന്നും മുന്നിട്ടുനിർത്തുന്നതാണ്.