പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. തുടർ നടപടികളുമായി മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കമുള്ള ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ രംഗത്തുവന്നു.
റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു ഇതുവരെ വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്.
കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാനിരുന്നത്. മുഴുവൻ സർക്കാർ ജീവനക്കാർക്കും പെൻഷൻ പ്രായം ഉയർത്തണമെന്നായിരുന്നു സർവ്വീസ് സംഘടനകളുടെ ആവശ്യം.