സ്വതന്ത്ര സംവിധായകനെന്ന നിലയിൽ 20 വർഷം പൂർത്തിയാക്കിയ ഘട്ടത്തിൽ ഏഷ്യാ ലൈവിനോട് സംസാരിക്കുകയാണ് സംവിധായകൻ ബ്ലസി. ആടുജീവിതം എന്ന സിനിമ തിയേറ്ററിൽ വലിയ വിജയം നേടിയതിൻ്റേയും സിനിമ ഇഷ്ടപ്പെടുന്ന സമൂഹം ആടുജീവിതം ഏറ്റെടുത്തതിൻ്റേയും സന്തോഷം അദ്ദേഹം പങ്കുവച്ചു. പ്രേക്ഷകരുടെ സ്നേഹത്തിൻ്റെ തുടർച്ച മാത്രമാണ് ചിത്രത്തിന് ലഭിച്ച സംസ്ഥാന അവാർഡുകളെന്നും ബ്ലസി പറഞ്ഞു.
2004 തുടങ്ങിയ സംവിധാന ജീവിതം, കാഴ്ച മുതൽ ആടുജീവിതം വരെ. മമ്മൂട്ടി മുതൽ പൃഥിരാജ് വരെ നായക നിരയിലുണ്ട്. അവരുടെ മികച്ച അഭിനയപ്രകടനങ്ങൾ ഈ ചിത്രങ്ങളിലുണ്ട്. എന്താണ് ബ്ലസിയുടെ മാജിക്?
മാജിക് എന്നാൽ രഹസ്യമാണ്. സാധാരണ മാജീഷ്യൻമാരോടാണ് ചോദിക്കാറ്. എന്നാൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സന്തോഷമുണ്ട്. 2004ൽ ആദ്യസിനിമയായ കാഴ്ചയിൽ മമ്മൂട്ടിക്ക് അവാർഡ് ഉണ്ടായിരുന്നു. 2005ൽ മോഹൻലാലിന് തൻമാത്രയിലൂടെ അവാർഡ് ലഭിച്ചു. അർജുൻ ലാലിനും പ്രത്യേക ജൂറി പരാമർശം കിട്ടിയിരുന്നു. 2024 പൃഥിരാജിന് അവാർഡ് ലഭിച്ചു. ഗോകുലിന് പ്രത്യേക ജൂറി പരാമർശം കിട്ടിയതും സന്തോഷമാണ്.
ഒരു കഥാപാത്രം ആവശ്യപ്പെടുന്ന എല്ലാ സാധ്യതകളേയും എക്സ്പ്ലോയിറ്റ് ചെയ്യാൻ ഒരു സംവിധായകന് കഴിയണം. ഈ സിനിമകളിൽ പ്രതിഭകളായ നടീനടൻമാർക്ക് എന്നേക്കാൾ അധികം അത് കൺസീവ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതിനുപറ്റിയ കഥാപാത്രങ്ങൾ എഴുതാൻ കഴിയുന്നതും സന്തോഷം. എല്ലാ കോമ്പിനേഷനിലും അത് സാധ്യമാകില്ലെങ്കിലും കഥാപാത്രവും കഥയും തരുന്ന മാജിക്കാണ് തൻ്റെ സിനിമകളുടെ വിജയം.
ഈ കാലയളവിലുണ്ടായത് എട്ട് ചിത്രങ്ങൾ, എല്ലാം ഹൃദയസ്പർശി എന്ന് വിളിക്കാവുന്നവ. എങ്ങനെയാണ് ഇത്തരം കഥകൾ തെരഞ്ഞെടുക്കുന്നത് ?
20 വർഷകൊണ്ട് എട്ട് സിനിമ എന്ന് പറയുമ്പോൾ ഇഷ്ടംപോലെ സമയമുണ്ടല്ലോ തെരഞ്ഞെടുക്കാൻ. എൻ്റെ സിനിമകൾ നമുക്ക് ശേഷവും സംസാരിക്കണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. ആരും കേൾക്കാത്ത , പറയാത്ത സിനിമ ഉണ്ടാകുമ്പോഴാണ് പുതിയ അനുഭവമാകുന്നത്.
ഞാൻ കണ്ടിട്ടില്ലാത്ത സിനിമയാണ് എൻ്റെ സ്വപ്നം, അതിനാണ് ശ്രമങ്ങൾ . ഓരോ കാത്തിരിപ്പും അതിനുവേണ്ടിയാണ്. അതിന് സമയം എടുക്കുന്നത് സിനിമയെ സീരിയസായി സമീപിക്കുന്നതുകൊണ്ടാകാം, നല്ല കഥകൾക്കുളള കണ്ടെത്താനാകാം, സ്വയം എഴുതുന്നതുകൊണ്ടാകാം, സിനിയോടുളള വലിയ പാഷൻ കൊണ്ടാകാം.
എന്തിനാണ് സിനിമ ചെയ്യുന്നത് എന്നു ചോദിച്ചാൽ, ആ സിനിമ പൂർണമായും പ്രേക്ഷകരിൽ എത്തണം എന്നതാണ്. സിനിമ തിയേറ്ററിൽ ഉപേക്ഷിക്കുന്നതാകരുത്. തിയേറ്ററിന് പുറത്ത് നമ്മോടൊപ്പം സഞ്ചരിക്കുന്നത് ആകണമെന്നാണ് അഭിപ്രായം. ആടുജീവിതത്തിനും തൻമാത്രക്കും കാഴ്ചക്കും ഒക്കെ ആ ക്രെഡിറ്റുണ്ട്.
ദീർഘവീക്ഷണത്തിലൂടെയാണോ സിനിമയെ സമീപിക്കുന്നത് ?
അത്രവലിയ ബുദ്ധിയൊ, ദീർഘവീക്ഷണമോ ഒന്നുമില്ല. അപ്പപ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് പ്രധാനം. ഓരോസമയത്തും ചെയ്യുന്ന പ്രവർത്തി ആത്മാർത്ഥമായി ചെയ്യാൻ ശ്രമിക്കുക എന്നേയുളളൂ.
ക്ഷമയാണോ ബ്ലസി എന്ന സംവിധായകൻ്റെ
ഏറ്റവും വലിയ ബ്ലെസ് ?
ക്ഷമയാണ് ഏറ്റവും വലിയ പ്രാർത്ഥന എന്ന് ഭ്രമരത്തിൽ എഴുതിയിട്ടുണ്ട്, ബുദ്ധൻ്റെ വരികളാണ്. ടോളറേറ്റ് ചെയ്യുക എന്നത് വലിയ കാര്യമാണ്. ക്ഷമയുമായി വെത്യാസമുണ്ടെങ്കിൽ പോലും കാത്തിരിപ്പാണ് പ്രധാനം.
സിനിമയുടെ ഇടവേളകളേക്കാൾ ഉപരി 18 വർഷം കാത്തിരുന്നിട്ടാണ് ആദ്യ സിനിമയായ കാഴ്ച ഉണ്ടാകുന്നത്. പത്മരാജൻ സാറിൻ്റെ കൂടെ 1986ൽ തുടങ്ങിയ സിനിമാ ജീവിതമാണ്. 2004ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ആ 18 വർഷത്തെ കാത്തിരിപ്പിൽ ക്ഷമയുണ്ടാകും, സഹനമുണ്ടാകും, കണ്ണീരുണ്ടാകും. അതൊരു സുഖകരമായ കാര്യമല്ലല്ലോ..
നമ്മുടെ ചിന്തകളും സ്വപ്നങ്ങളും ഒക്കെ സിനിമയിലേക്ക് എത്തുക എന്നത് ഈശ്വരാനുഗ്രഹമാണ്. എത്രപേർക്ക് അതിന് കഴിയുമെന്ന് അറിയില്ല. എന്നോടൊപ്പം വന്ന പലരും നാലോ അഞ്ചോ വർഷം കഴിയുമ്പോൾ ഉപേക്ഷിച്ച് പോകാറുണ്ട്. ഒരു സമർപ്പണത്തിൻ്റെ പ്രതിഫലമാണ് എല്ലാം.
സഹസംവിധാകയനായി തുടങ്ങി സംവിധായകനായി മാറിയ 38 സിനിമാവർഷങ്ങൾ. ഈ കാലഘട്ടങ്ങളെപ്പറ്റി പറഞ്ഞാൽ ?
എനിക്ക് അസിസ്റ്റൻ്റ് ഡയറക്ടർ, ഡയറക്ടർ എന്ന് രണ്ട് കാലഘട്ടമില്ല, സിനിമയെ മോഹിക്കുകയും സ്നേഹിക്കുകയും ചെയ്തതാണ് തുടക്കം. സിനിമയിൽ സജീവമാകുക എന്നതായിരുന്നു ആഗ്രഹം. സംവിധായകനായപ്പോൾ കൂടുതൽ സജീവമായി എന്നുമാത്രം.
എന്നാൽ സംവിധായകനേക്കാൾ സഹസംവിധായകൻ്റെ വേഷമണിഞ്ഞാണ് ഞാൻ സെറ്റിലെത്താറുളളത്. സഹസംവിധാകനായി ജീവിച്ച 18 വർഷത്തിലും സംവിധായകനായി ജീവിച്ച 20 വർഷത്തിലും സിനിമയെയാണ് പ്രണയിക്കുന്നതും ഇഷ്ടപ്പെടുന്നതുമൊക്കെ.
മനസ്സിൽ ഉണ്ടാകുന്ന വെത്യസ്തമായ ഫ്രെയിമുകളും കഥകളും ഒക്കെ സിനിമയാകണമെന്നാണ് ചിന്ത. ഒന്നുകഴിയുമ്പോൾ മറ്റൊന്നിനായി ആഗ്രഹിക്കുന്നു. അതിനായി അധ്വാനിക്കുന്നു. അതിന് റിസൽട്ട് ഉണ്ടാകുമ്പോൾ സന്തോഷം.
ആടുജീവിതമാണോ ഏറ്റവും സംത്യപ്തി നൽകുന്ന ചിത്രം ?
അങ്ങനെ പറയാൻ കഴിയില്ല. എല്ലാ സിനിമയും പലതരത്തിൽ ഇൻവോൾവ് ചെയ്തതായിരിക്കാം . ആടുജീവിതത്തിന് കൂടുതൽ സമയമെടുത്തത് പോലെതന്നെയാണ് കാഴ്ചയും. കാഴ്ചയുടെ എക്സൈറ്റ്മെൻ്റ് എന്നു പറഞ്ഞാൽ ആദ്യ സിനിമ എന്നതും സ്വതന്ത്ര സംവിധായകനാകുന്നു എന്നതുമാണ്.
സഹസംവിധായകൻ ആകുമ്പോൾ എന്നെങ്കിലും ഒരു സിനിമ ചെയ്യുമായിരിക്കും എന്ന പ്രതീക്ഷയുണ്ട് . വിജയിച്ചാലും ഇല്ലമെങ്കിലും. എന്നാൽ ആദ്യസിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതുമെന്ന് എനിക്ക് ഒരിക്കലും അറിയില്ലായിരുന്നു. അതുകൊണ്ട് കാഴ്ചയോടുള്ള ആവേശം കൂടുതലാണ്.
തൻമാത്ര തന്ന അനുഭവം വേറിട്ടതാണ്. വളരെ വെത്യസ്തമായ വിഷയത്തെ ലോകം മുഴുവൻ അറിയിക്കുന്ന തലത്തിൽ എത്തിക്കുന്നു. ഇന്നും അതിൻ്റെ ചെറുതും വലുതുമായ കാര്യങ്ങൾ ഓർത്തുവയ്കക്കുന്നു എന്നത് തന്നെ. അതുപോലെതന്നെയാണ് പ്രണയം, ഭ്രമരം എല്ലാം. പ്രണയത്തിലൂടെയാണ് കൂടുതൽ ആളുകൾ തിരിച്ചറിയുന്നതെന്ന് അനുപംഖേറിനെപ്പോലെ ഉളളവർ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം. ഓരോ സിനിമക്കും നല്ല അനുഭവങ്ങളുണ്ട്.
ഒൻപത് അവാർഡുകൾ കിട്ടിയ സിനിമയാണ് ആടുജീവിതം.
എങ്കിലും പാട്ടിന് അവാർഡ് പ്രതീക്ഷിച്ചിരുന്നോ ?
കുറേ അധികം അവാർഡുകൾ കൂടി കിട്ടണമായിരുന്നു. എനിക്കുകിട്ടുന്ന അവാർഡിനേക്കാൾ മുമ്പ് ഞാൻ പ്രതീക്ഷിച്ചിരുന്നത് ഈ സിനിമയിലൂടെ എആർ റഹ്മാന് അവാർഡ് കിട്ടുമെന്നാണ്. പാട്ടിന് മാത്രമല്ല റീറെക്കോർഡിംഗിനും മറ്റും. അത്രയധികം ഇൻ്റർനാഷണൽ തലത്തിൽ ചെയ്ത വർക്കിനെ മെൻഷൻ ചെയ്തില്ല എന്ന് പറയുന്നത് പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മളെ സംബന്ധിച്ചിടത്തോളം അതിൻ്റെ ശോഭ നഷ്ടപ്പെട്ടിട്ടുണ്ട്.
അടുത്ത സിനിമത്തിരക്കിലേക്ക് ഒക്കെ കടന്നോ ?
ചെറിയ രീതിയിൽ .
പക്ഷേ പുറത്തേക്ക് പറയാറായിട്ടില്ല.
അവതാരക: പൌർണമി പവിത്രൻ
ക്യാമറ : ബിനു ടെലിടെൽ
കോർഡിനേഷൻ : ജോജറ്റ് ജോൺ