മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യർ ഇന്ന് 46-ാം പിറന്നാൾ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആശംസ അറിയിച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. എന്റെ ഗാഥാ ജാമിന് ജന്മദിനാശംസകൾ എന്ന് ആരംഭിക്കുന്ന ഒരു കുറിപ്പിലൂടെയാണ് ഗീതു മഞ്ജുവിന് ആശംസ നേർന്നത്.
“എല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് നിന്റെ സാന്നിദ്ധ്യം എന്റെ ജീവിതത്തിൽ ഒരു സുസ്ഥിരമായ പ്രകാശമായി നിലകൊള്ളുന്നു. ആധികാരികമായി ജീവിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് നിന്നിലൂടെ ഞാൻ മനസിലാക്കി. അപൂർണതയിലും സൗന്ദര്യമുണ്ടെന്നും ദയയിൽ ശക്തിയുമുണ്ടെന്നും ഏറ്റവും ലളിതമായ നിമിഷങ്ങളിൽ മാന്ത്രികതയുമുണ്ടെന്നും നിന്റെ അനുകമ്പയും ധൈര്യവും എന്നെ ഓർമിപ്പിക്കുന്നു. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. എൻ്റെ ഗാഥാ ജാമിന് ജന്മദിനാശംസകൾ” എന്നാണ് ഗീതു മോഹൻദാസ് കുറിച്ചത്.
ഗീതുവിന്റെ ആശംസകൾക്ക് മഞ്ജു മറുപടിയും നൽകിയിട്ടുണ്ട്. ‘നന്ദിയുണ്ട് ഗാഥാ ജാം’ എന്നാണ് മഞ്ജു മറുപടി നൽകിയത്. ഗീതുവിനൊപ്പം നിരവധി പേരാണ് താരത്തിന് ആശംസ അറിയിക്കുന്നത്.