സൗദിയിൽ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അനുമതിയില്ലാതെ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്‌താൽ കടുത്ത പിഴയാണ് ചുമത്തപ്പെടുക. രാജ്യത്തെ സ്ഥാപനങ്ങളുടെ സുരക്ഷാ ക്യാമറുകളുമായി ബന്ധപ്പെട്ട 18ഓളം നിയമലംഘനങ്ങളുടെ പിഴകൾ സംബന്ധിച്ച വിവരങ്ങളാണ് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
നിയമലംഘകർക്കെതിരെ കടുത്ത പിഴകളാണ് ചുമത്തുക. ദൃശ്യങ്ങൾ അനുമതിയില്ലാതെ പുറത്ത് വിടുകയോ കൈമാറുകയോ ചെയ്താൽ 20,000 റിയാൽ പിഴ ചുമത്തും. പൊതുസുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ നിരീക്ഷണ ക്യാമറകൾ നശിപ്പിക്കുക, റെക്കോർഡ് ചെയ്ത ദൃശ്യങ്ങൽ നിശിപ്പിക്കുകയോ ചെയ്താൽ 20,000 റിയാലിൽ കുറയാത്ത പിഴ ചുമത്തും.
അതോടൊപ്പം, വനിത സലൂണുകളിലും ക്ലബ്ബുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ താമസ യൂണിറ്റുകൾക്കുള്ളിൽ ക്യാമറകൾ സ്ഥാപിക്കൽ, മെഡിക്കൽ ഓപ്പറേഷൻ റൂമുകൾ, ഹോസ്‌പിറ്റലൈസേഷൻ, ഫിസിയോ തെറാപ്പി മുറികൾ എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചാൽ 10,000 റിയാൽ പിഴ ചുമത്തപ്പെടും. അനുവാദമില്ലാതെ ക്യാമറകളിൽ ഓഡിയോ റെക്കോർഡിംഗ് ഏർപ്പെടുത്തുക, ശൗചാലയങ്ങൾക്ക് മുന്നിൽ ക്യാമറ സ്ഥാപിക്കുക, സ്വകാര്യതക്ക് ഭംഗം വരുത്തുന്ന രീതിയിൽ ക്യാമറ സ്ഥാപിക്കുക തുടങ്ങിയവയും നിയമലംഘനങ്ങളിൽ ഉൾപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.