പുറം തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ നിയമവുമായി ബഹ്റൈൻ. കനത്ത വേനലിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം ഒരു മാസം കൂടി വർധിപ്പിച്ചിരിക്കുകയാണ് അധികൃതർ. അടുത്ത വർഷം മുതലാണ് നിയമം നടപ്പിലാകുക.
നിലവിൽ രണ്ട് മാസക്കാലത്തേയ്ക്കാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. അടുത്ത വർഷം മുതൽ ഇത് മൂന്ന് മാസമായി വർധിപ്പിക്കും. ജൂലൈ, ആഗസ്‌ത് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലാണ് മച്ചവിശ്രമം അനുവദിക്കുന്നത്. ഇനി ഇത് സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കും.
ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്‌ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചവിശ്രമ നിയമം നീട്ടിയത്.