ഗോൾഡൻ വീസ കൈവശമുളളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നടപടികൾ ലളിതമാക്കി ദുബായ്. ദുബായ് എമിറേറ്റിലാണ് താമസം എന്നതിന്റേയൊ ദുബായില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു എന്നതിന്റേയൊ രേഖകൾ ഹാജരാക്കിയാല്‍ ലളിതമായ നടനടികളിലൂടെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാം.
നാട്ടിലെ കാലാവധിയുളള ഡ്രൈവിങ് ലൈസൻസ് ഹാജരാക്കുന്നതിനൊപ്പം ദുബായിലെ ലേണേഴ്സ് ടെസ്റ്റിലും റോഡ് ടെസ്റ്റിലും വിജയിക്കണമെന്ന നിബന്ധന മാത്രമാണുളളത്. മണിക്കൂറുകൾ നീളുന്ന ക്ലാസുകളിലെ ഇളവാണ് ഏറ്റവും വലിയ പ്രത്യേകത. 21 വയസ്സ് തികയാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ 100 ദിർഹമാണ് നിരക്ക്. 21 ന് മുകളിലുളളവര്‍ക്ക് 300 ദിര്‍ഹവും ഈടാക്കും.
ദുബായ് ഒഴികെയുളള എമിറേറ്റുകളിൽ നിന്നു ഗോൾഡൻ വീസ ലഭിച്ചവർ ദുബായിൽ താമസിക്കുന്നു എന്നു തെളിയിക്കാൻ ഇജാരി അടക്കമുളള രേഖകളാണ് ഹാജരാക്കേണ്ടത്. പകരം കമ്പനിയുടെ ട്രേഡ് ലൈസൻസൊ ദുബായിൽ കമ്പനിയുടെ ശാഖയുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊ ഹാജരാക്കണം. ദുബായ് എമിറേറ്റിലാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കമ്പനിയുടെ റസിഡൻഷ്യൽ സർട്ടിഫിക്കറ്റും അംഗീകരിക്കും.