ദുബായ് ഗ്ലോബൽ വില്ലേജിൻ്റെ 29-ാം സീസണിന് 2024 ഒക്ടോബർ 16-ന് തുടക്കമാകും. ഏഴ് മാസക്കാലം നീണ്ടുനിൽക്കുന്ന പുതിയ സീസൺ 2025 മെയ് 11-നാണ് അവസാനിക്കുകയെന്ന് ഔട്ട്ഡോർ ഡെസ്റ്റിനേഷൻ വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ 10 ദശലക്ഷം സന്ദർശകരുമായി ഗ്ലോബൽ വില്ലേജ് പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. 27 പവലിയനുകളിലായി 90 സംസ്കാരങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. അതോടൊപ്പം 200-ലധികം റൈഡുകളും വിനോദ ആകർഷണങ്ങളും, 3,500-ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകളും 250 ഡൈനിംഗ് ഓപ്ഷനുകളും ഉണ്ടായിരുന്നു.
പുതിയ സീസണിൽ വിപുലമായ പരിപാടികളോടെയും ഓഫറുകളോടെയുമാണ് ഗ്ലോബൽ വില്ലേജ് ഒരുക്കുന്നത്. ഗ്ലോബൽ വില്ലേജിലേയ്ക്ക് എത്തുന്നവർക്കുള്ള പ്രവേശന ടിക്കറ്റുകൾ മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കും സൗജന്യമായിരിക്കും.