യുഎഇയിൽ ഇന്ന് മുതൽ രണ്ട് മാസത്തേയ്ക്ക് പൊതുമാപ്പ് ആരംഭിച്ചിരിക്കുകയാണ്. വിസാ നിയമം ലംഘിച്ചവർക്ക് നടപടികൾ പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാനുള്ള അവസരമാണ് അധികൃതർ ഇതുവഴി ഒരുക്കുന്നത്. പൊതുമാപ്പുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് ദുബായിലെ ഇന്ത്യൻ എംബസി ഒരുക്കിയിരിക്കുന്നത്.
രാജ്യത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമായി ദുബായിലെ ഇന്ത്യൻ എംബസി ലഭ്യമാക്കും. യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോർട്ട് നൽകുന്നതിനും നടപടിയായി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും അവീർ ഇമിഗ്രേഷൻ സെൻ്ററിലും ഇതിനായുള്ള സേവന കേന്ദ്രങ്ങൾ ആരംഭിച്ചതായി കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ വ്യക്തമാക്കി.
എമർജൻസി സർട്ടിഫിക്കറ്റ് ഉച്ചയ്ക്കുശേഷം 2 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് നേരിട്ട് കൈപ്പറ്റാൻ സാധിക്കും. അപേക്ഷ സമർപ്പിക്കുന്നതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. ഹ്രസ്വകാല പാസ്പോർട്ടിനായി ദുബായിലെയും നോർത്തേൺ എമിറേറ്റുകളിലെയും ബിഎൽഎസ് സെൻ്ററുകളിൽ മുൻകൂർ അനുമതിയില്ലാതെ നേരിട്ടെത്തി അപേക്ഷ നൽകാം.