യുഎഇയിൽ ഇന്ന് മുതൽ പൊതുമാപ്പ് ആരംഭിച്ചു. രണ്ട് മാസത്തേയ്ക്കാണ് പൊതുമാപ്പ് നിലവിൽ വന്നിരിക്കുന്നത്. രാവിലെ മുതൽ വിസ സ്റ്റാറ്റസ് മാറ്റുന്നതിന് വിവിധ സെന്ററുകളിലേയ്ക്ക് എത്തുന്നത് നിരവധിപേരാണ്. വിസാ നിയമം ലംഘിച്ചവർക്ക് ഈ രണ്ട് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാനുള്ള അവസരമാണ് അധികൃതർ ഒരുക്കുന്നത്.
അപേക്ഷകർക്കായി വിവിധ എമിറേറ്റുകളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ നിരവധി അനധികൃത യുഎഇ നിവാസികളാണ് വലിയ പ്രതീക്ഷകളുമായി വിവിധ സെന്ററുകളിലേയ്ക്ക് എത്തുന്നത്. അൽ അവീർ സെൻ്ററിലെ ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ വിസ പൊതുമാപ്പ് അപേക്ഷകൾ സ്വീകരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. രാവിലെ മുതൽ സെന്ററുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുന്നവർ 14 ദിവസത്തിനകം രാജ്യം വിടണം.
താമസ, സന്ദർശക വിസ കാലാവധി തീർന്നശേഷവും അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കുക. അതോടൊപ്പം രേഖകൾ കാലഹരണപ്പെട്ടവർ, സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, യുഎഇയിൽ ജനിച്ചവരും താമസ വിസയ്ക്ക് അപേക്ഷിക്കാത്തവരുമായ കുട്ടികൾ എന്നിവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം.
വിവിധ എമിറേറ്റുകളിലെ ഐസിപി സെൻ്ററുകൾ, ദുബായിലെ 86 ആമർ സെൻ്ററുകൾ, കോൺസുലേറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ അപേക്ഷ സമർപ്പിക്കാം. പൊതുമാപ്പ് കാലയളവിൽ ബി.എൽ.എസ് കേന്ദ്രങ്ങൾ ഞായറാഴ്‌ചകളിലും സജീവമാകും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 050-9433111 എന്ന നമ്പറിൽ കോൺസുലേറ്റ് അധികൃതരുമായും 800- 46342 എന്ന നമ്പറിൽ പ്രവാസി ഭാരതീയ സഹായത കേന്ദ്രവുമായും ബന്ധപ്പെടാൻ സാധിക്കും.