യുഎഇയിൽ സെപ്റ്റംബർ ഒന്ന് (ഞായർ) മുതൽ രണ്ട് മാസത്തേയ്ക്ക് പൊതുമാപ്പ് ആരംഭിക്കുകയാണ്. നിയമലംഘകർക്ക് നടപടികൾ പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാനുള്ള അവസരമാണ് അധികൃതർ ഒരുക്കുന്നത്. ഈ അവസരത്തിൽ അപേക്ഷകർക്കായി ദുബായിൽ വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
ദുബായിൽ 86 ആമർ സെന്ററുകളാണ് പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനായി ആരംഭിച്ചിരിക്കുന്നത്. നിയമലംഘകർക്ക് വിസയുടെ സ്റ്റേറ്റസ് മാറ്റാൻ മറ്റ് സെന്ററുകളേപ്പോലെ അൽ അവീറിലെ ജിഡിആർഎഫ്എ കേന്ദ്രത്തെയും സമീപിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ 30 വരെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും ആമർ സെന്ററുകൾ വഴി ലഭ്യമാകും. അതേസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന 800 5111 എന്ന നമ്പറിലോ ജിഡിആർഎഫ്എ കോൾ സെൻ്ററിലോ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാമെന്നും അധികൃതർ അറിയിച്ചു.