പാലക്കാട് വ്യവസായ സ്മാർട് സിറ്റി തുടങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് പാലക്കാട്ട് വരിക. പാലക്കാട് ഗീൻഫീൽഡ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതിക്കായി 3,806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പാലക്കാട് പുതുശ്ശേരിയിലാണ് സ്മാർട് സിറ്റി വരുക. സേലം-കൊച്ചി ദേശീയപാതയോട് ചേർന്നാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക് അനുമതി നൽകിയത്. വികസിത് ഭാരത് പദ്ധതി പ്രകാരമാണ് വ്യവസായ സ്മാർട് സിറ്റികൾ വരുന്നത്. ഇതിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒർവാക്കൽ, കൊപ്പാർത്തി, രാജസ്ഥാനിലെ ജോധ്പുർ-പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാർട് സിറ്റികൾ വരുന്നത്. ആകെ 28,602 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതികളിലൂടെ 12 ലക്ഷം പേർക്ക് നേരിട്ടും 20 ലക്ഷത്തിലേറെപ്പേർക്ക് പരോക്ഷമായും തൊഴിലവസരം ലഭിക്കും.