ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കും പുരുഷ താരങ്ങൾക്കും ഇനി തുല്യ പ്രതിഫലം ലഭിക്കും. വനിതാ താരങ്ങൾക്കും പുരുഷ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകാനുള്ള ചരിത്ര തീരുമാനം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. വർഷങ്ങളായി ഇന്ത്യൻ വനിതാ താരങ്ങൾ ഉന്നയിച്ചിരുന്ന ആവശ്യമാണിത്.
‘‘ക്രിക്കറ്റിലെ ലിംഗ വിവേചനത്തെ ചെറുക്കാൻ ആദ്യ ചുവടെന്ന നിലയിൽ വളരെ സന്തോഷത്തോടെ ഒരു നിർണായക തീരുമാനം അറിയിക്കുന്നു. വനിതാ താരങ്ങൾക്കും ഇനിമുതൽ തുല്യ പ്രതിഫലം ലഭിക്കും. നമ്മുടെ പുരുഷ, വനിതാ താരങ്ങൾക്ക് ലഭിക്കുന്ന മാച്ച് ഫീ തുല്യമായിരിക്കും. ലിംഗ സമത്വത്തിൻ്റെ സുവർണ കാലത്തേക്കുള്ള ചുവടുവയ്പ്പാണിത്.’’ – ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.
പുരുഷ താരങ്ങൾക്ക് നിലവിൽ ലഭിക്കുന്നതിനു തുല്യമായ മാച്ച് ഫീ നൽകുമ്പോൾ ടെസ്റ്റ് (15 ലക്ഷം രൂപ), ഏകദിനം (ആറു ലക്ഷം രൂപ), ട്വന്റി20 (മൂന്നു ലക്ഷം രൂപ) എന്നിങ്ങനെയായിരിക്കും മാച്ച് ഫീ.