നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവെച്ചു. സംഘടനാ പ്രസിഡൻ്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായാണ് രാജിക്കത്ത് സമർപ്പിച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്.
ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. നിലവിൽ ഊട്ടിയിലാണ് സിദ്ദിഖുള്ളത്.
മോഹൻലാലിന് സിദ്ദിഖ് അയച്ച രാജിക്കത്തിന്റെ പൂർണരൂപം:
എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ”യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ. വിശ്വസ്തതയോടെ, സിദ്ദിഖ്
നടൻ സിദ്ദിഖിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് ലൈംഗികാതിക്രമം നേരിട്ടെന്ന് വ്യക്തമാക്കി യുവനടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
നടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ:
‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിൻ്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്കറ്റ് ഹോട്ടലിൽ ഒരു ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്.
സിദ്ദിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയിൽ നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം.
ഇയാൾ കാരണം എനിക്ക് നഷ്ടപ്പെട്ടത് എൻ്റെ സ്വപ്നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാൻ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് എൻ്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് മാത്രമല്ല എൻ്റെ പല സുഹൃത്തുക്കൾക്കും അയാളിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.
2019-ൽ തന്നെ പൊതുസമൂഹത്തിന് മുന്നിൽ ഞാൻ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്ന് തന്നെ മാറ്റിനിർത്തി. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നത്’.