ഇന്ന് റീലീസായ ‘ഫൂട്ടേജ്’ സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ നടി ശീതൾ തമ്പി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ചു. 5.75 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
മഞ്ജു വാര്യർക്ക് പങ്കാളിത്തമുള്ള മൂവീ ബക്കറ്റ് എന്ന നിർമ്മാണ കമ്പനിയാണ് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാൾ. സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നതും മഞ്ജു വാര്യരാണ്. ചിത്രത്തിൽ ചിമ്മിനി വനത്തിൽ വെച്ച് അഞ്ചടി താഴ്ചയിലേക്ക് ചാടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ശീതൾ തമ്പിയുടെ കാലിന് ഗുരുതര പരിക്ക് പറ്റിയതെന്നാണ് വ്യക്തമാക്കുന്നത്. ചാടുമ്പോൾ തന്റെ സുരക്ഷയ്ക്ക് നിർമ്മാതാക്കൾ ആവശ്യമായ കാര്യങ്ങൾ ചെയ്തില്ലെന്നും അതിനാൽ വീണപ്പോൾ ഒരു കല്ലിൽ തന്റെ കാൽ കുടുങ്ങുകയും കണങ്കാലിന് ഗുരുതരമായി പരുക്കേറ്റുവെന്നുമാണ് താരം നോട്ടീസിൽ വ്യക്തമാക്കിയത്.
തുടർന്ന് രണ്ട് ശസ്ത്രക്രിയ നടത്തി ഒരു മാസത്തിന് ശേഷമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ആശുപത്രി ബില്ലായ 8.13 ലക്ഷം രൂപ നിർമ്മാണ കമ്പനിയാണ് അടച്ചത്. ഇതിനു ശേഷം 1.80 ലക്ഷം രൂപ കൂടി തുടർ ചികിത്സക്കായി കമ്പനി നൽകിയെന്നും ശീതൾ പറഞ്ഞു. തനിക്ക് ഇപ്പോഴും കാൽ കുത്തി നടക്കാൻ സാധിക്കുന്നില്ല. ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട വിധത്തിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ചു നേരം പോലും നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യാൻ സാധിക്കുന്നില്ല. കാലിന് സമയാസമയങ്ങളിൽ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മഞ്ജു വാര്യർ ഉൾപ്പെടെ ഉറപ്പു തന്നിരുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷനൽ പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാൽ പണം നൽകുന്ന കാര്യത്തെക്കുറിച്ച് കമ്പനി മൗനം പാലിക്കുകയാണ്. അതിനാൽ 30 ദിവസത്തിനുള്ളിൽ 5.75 കോടി രൂപ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് അഭിഭാഷകൻ വഴി ശീതൾ അയച്ച നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.