കുവൈത്തിൽ ബയോമെട്രിക് ഹാജർ നില ശക്തമാക്കിയതോടെ ഓഫീസുകളിൽ ജീവനക്കാരുടെ സാന്നിധ്യം ഉയർന്നതായി റിപ്പോർട്ടുകൾ. രാവിലെ ജോലിക്കെത്തുമ്പോൾ പഞ്ച് ഇൻ ചെയ്യുകയും രണ്ടുമണിക്കൂറിന് ശേഷം വീണ്ടും പഞ്ച് ചെയ്ത് ഹാജർ ഉറപ്പാക്കുകയും വേണമെന്നാണ് പുതിയ നിയമം നിലവിൽ വന്നത്.
പുതിയ ഹാജര്‍ സംവിധാനം നിലവില്‍ വന്നതോടെ ഓഫീസ് സമയങ്ങളില്‍ ജീവനക്കാര്‍ക്ക് പുറത്തിറങ്ങുന്നതിന് തടസ്സം നേരിടുകയായിരുന്നു. രാവിലെ ഹാജർ പഞ്ച് ചെയ്ത ശേഷം മറ്റ് ആവശ്യങ്ങൾക്ക് പുറത്ത് പോകുന്നത് തടയിടാനാണ് സർക്കാർ പുതിയ രീതി ആവിഷ്കരിച്ചത്. ജോലിസയമത്തിന് ശേഷം ബയോമെട്രിക് പഞ്ച് ഔട്ടും നിർബന്ധമാണ്.
കഴിഞ്ഞ ആഴ്ച മുതലാണ് നിയമം നിലവിൽ വന്നത്. ഇതോടെ പകൽനേരങ്ങളിൽ ശബ്ദമുഖരിതമായിരുന്ന ഓഫീസുകൾക്ക് സമീപത്തെ കഫേകളിലും റെസ്റ്റോറൻ്റുകളിലും തിരക്ക് കുറഞ്ഞതായും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം തിരക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഷോപ്പ് ഉടമകള്‍.