യുഎഇയിൽ സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ കമ്പനികൾക്ക് പിടിവീഴും. ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെയാണ് പിഴയായി കമ്പനികളിൽ നിന്നും ഈടാക്കുക. രാജ്യത്തേയ്ക്ക് ജോലി അന്വേഷിച്ചെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ വർധിപ്പിച്ചത്.
സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ ആവശ്യമായ തൊഴിൽ അനുമതികൾ ഇല്ലാതെ വിസിറ്റിങ് വിസയിലെത്തി ജോലി അന്വേഷിക്കുന്നവരെ തൊഴിൽ വിസ നൽകാതെ ജോലിക്ക് നിയോഗിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് തൊഴിൽ നിയമം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.
വിസിറ്റ് വിസയിൽ തൊഴിൽ തേടിയെത്തുന്നവരുടെ നിസഹായാവസ്ഥ പരമാവധി മുതലെടുത്ത് അവരെ ജോലി ചെയ്യിക്കുന്ന പല സ്ഥാപനങ്ങളുമുണ്ട്. ഇത്തരത്തിൽ എൻട്രി പെർമിറ്റ് വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിച്ചാൽ 50,000 മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു മുമ്പ് പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ വർധിപ്പിച്ചത്. നിയമ ഭേദഗതിയിലൂടെ സന്ദർശക വിസയിൽ എത്തുന്നവർക്കെതിരെയുള്ള ചൂഷണം കുറയ്ക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.