എയർ കേരളയ്ക്ക് പിന്നാലെ കേരളത്തിൽനിന്നുളള മറ്റൊരു കമ്പനിക്ക് വിമാനസർവീസ് ആരംഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി. പ്രമുഖ യാത്രാ സേവന കമ്പനിയായ അല്‍ഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അല്‍ഹിന്ദ് എയറിനാണ് എൻഓസി ലഭ്യമായത്.ഇതിൻ്റെ ഭാഗമായി കമ്പനി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് കമ്പനിക്ക് (സിയാൽ) അപേക്ഷ സമർപ്പിച്ചു.
ആദ്യഘട്ടത്തിൽ ആഭ്യന്തര സർവ്വീസുകൾ തുടങ്ങാനാണ് അനുമതി. മൂന്ന് എടിആർ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര കമ്യൂട്ടർ എയർലൈനായാണ് സർവ്വീസുകൾ ആരംഭിക്കുക. ഈ വര്‍ഷം അവസാനത്തോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (DGCA) നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (AOC) ലഭിച്ചതിനു ശേഷമാകും സർവ്വീസുകൾ ആരംഭിക്കുക.
2025ഓടെ ആദ്യസർവ്വീസ് നടത്താനാകുമെന്ന് കമ്പനി അറിയിച്ചു. സമീപഭാവിയിൽ തന്നെ വലിയ വിമാനങ്ങൾ സ്വന്തമാക്കി അന്താരാഷ്ട്ര സർവ്വീസുകളിലേക്ക് കടക്കാനാണ് അൽഹിന്ദ് ലക്ഷ്യമിടുന്നത്. കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കും തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കുമായിരിക്കും ആദ്യ സര്‍വീസുകൾ.
2,000 കോടി രൂപയുടെ പദ്ധതിയാണ് കമ്പനി വിഭാവനം ചെയ്യുന്നതെന്നും കമ്പനി ഉടമകൾ വ്യക്തമാക്കി. യാത്രാമേഖലയിൽ എയർ ടിക്കറ്റിങ്, ഹോളിഡേയ്സ്, ഹജ്ജ്-ഉംറ, മണി എക്സ്ചേഞ്ച് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകുന്ന അൽഹിന്ദ് , എയർലൈൻ രംഗത്തും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൊച്ചിക്ക് പുറമെ ഡൽഹിയിലും റീജിയണൽ ഓഫീസ് പ്രവർത്തനം ആരംഭിച്ച അൽഹിന്ദ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യമുറപ്പിക്കാനാണ് നീക്കം. വിവിധ എയര്‍ലൈന്‍ കമ്പനികളുടെ ജനറല്‍ സെയില്‍സ് ഏജന്റ് (GSA) ആണെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ വിറ്റുവരവ് 20,000 കോടി രൂപയാണ്. ഇന്ത്യയിലും വിദേശത്തുമായി ഇതിനകം 130 ഓഫീസുകൾ കമ്പനിക്കുണ്ട്.