ആകാശത്തെ ചാന്ദ്രവിസ്മയമായ സൂപ്പർമൂണ്‍–ബ്ലൂമൂൺ പ്രതിഭാസം ഇന്ന് മുതൽ ദൃശ്യമാകും. ഇന്ന് രാത്രി മുതൽ മൂന്ന് ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തിൽ കാണാനാകും. സൂപ്പർ മൂണും സീസണൽ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ഒരുമിച്ച് ചേർന്നുവരുന്നത് അപൂർവമാണ്.
ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. നാലു പൂർണചന്ദ്രൻമാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണിത്. രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് സൂപ്പർമൂൺ-ബ്ലൂമൂൺ പ്രതിഭാസമെന്ന് വിളിക്കുന്നത്.
ഒരു മാസത്തിലെ രണ്ടാമത്തെ പൂർണചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂണെന്ന് വിളിക്കുന്നത്. ബ്ലൂ മൂണിന് നീല നിറവുമായി വലിയ ബന്ധമില്ല. അപൂർവ സന്ദർഭങ്ങളിൽ ചന്ദ്രൻ നീലനിറത്തിൽ കാണപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സൂപ്പർ ബ്ലൂ മൂൺ നീലയായിരിക്കില്ല. വായുവിലെ ചെറിയ കണങ്ങൾക്കൊപ്പം പുകയും പൊടിയും പ്രകാശത്തിൻ്റെ ചുവന്ന തരംഗങ്ങളും ചേരുമ്പോഴാണ് ചന്ദ്രനെ നീലനിറമായി കാണുന്നത്. 2027-ലാണ് അടുത്ത സീസണൽ ബ്ലൂ മൂൺ ദൃശ്യമാകുക.