യുഎഇയുടെ ആദ്യ ലോ എർത്ത് ഓർബിറ്റ് സിന്തറ്റിക് ആപച്ചർ റഡാർ (എസ്.എ.ആർ) ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തി. കാലിഫോർണിയയിലെ വാൻഡൻബെർഗ് ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്പേസ് എക്സ് റോക്കറ്റിലാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമിയിലെ കൺട്രോൾ സ്‌റ്റേഷനുമായി ഉപഗ്രഹം ബന്ധം സ്ഥാപിച്ചു.
ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത ഓർബിറ്റിൽ കറങ്ങുന്ന ഈ ഉപഗ്രഹത്തിന് രാത്രിയും പകലും അതോടൊപ്പം എല്ലാ കാലാവസ്ഥയിലും ഭൂമിയുടെ മികച്ച ചിത്രങ്ങൾ പകർത്താൻ കഴിയും. നിലവിലുള്ള ഒപ്റ്റിക്കൽ ഇമേജിങ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് എടുക്കുന്നതിനേക്കാൾ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ എസ്എആർ ഉപഗ്രഹത്തിന് സാധിക്കും. ഭൗമോപരിതലത്തെ കൃത്യമായി പകർത്താൻ സാധിക്കുന്ന സെൻസിങ് സംവിധാനം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്രകൃതി ദുരന്തങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനും കടലിൽ യാനങ്ങളെ നിരീക്ഷിക്കാനും റോഡ് ഗതാഗതം കൂടുതൽ സ്‌മാർട്ട് ആക്കാനും ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ സഹായിക്കും. യുഎഇയുടെയും മധ്യപൂർവ മേഖലയുടെയും ചിത്രങ്ങൾ പകർത്തലും അന്തരീക്ഷ വിശകലനങ്ങളും കാലാവസ്ഥ മുന്നൊരുക്കങ്ങളുമാകും ഉപഗ്രഹം പ്രധാനമായും ചെയ്യുക.