പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത് നാം ഓമനിച്ച് വളർത്തുന്ന മൃഗങ്ങളാണെങ്കിൽ പോലും സഹിക്കാൻ സാധിക്കില്ല. അത്തരമൊരു വാർത്തയാണ് ബഹ്റിനിൽ നിന്ന് വരുന്നത്. മനാമയിൽ നിന്ന് കാണാതായ വംശനാശഭീഷണി നേരിടുന്ന തന്റെ പ്രിയപ്പെട്ട വളർത്തുനായയെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഉടമ.
റഫ് കോലി ഇനത്തിൽപ്പെട്ട ‘ആനി’ എന്ന നായയെ ഗുദൈബിയയിലുള്ള വില്ലയിലെ റോഡിൽ വെച്ച് പ്രഭാത സവാരിക്കിടെയാണ് കാണാതായത്. 7 വയസുള്ള നായ 6 വർഷമായി തങ്ങൾക്കൊപ്പമായിരുന്നെന്നും നായയെ ഒരു കുടുംബാംഗത്തേപ്പോലെയാണ് കരുതിയിരുന്നതെന്നും വീട്ടുകാരായ അജിത്തും ശാരദയും പറഞ്ഞു. അടുത്തിടെയാണ് ഇവരുടെ കുടുംബം അദ്ലിയയിൽ നിന്ന് ഗുദൈബിയയിലുള്ള വില്ലയിലേക്ക് താമസം മാറിയത്.
നായക്ക് അത്ര പരിചിതമല്ലാത്ത ഈ വില്ലയിൽ നിന്ന് പ്രഭാത നടത്തത്തിനായി കൊണ്ടുപോയപ്പോഴായിരുന്നു കാണാതായത്. പ്രധാന റോഡിലേക്ക് ഓടിപ്പോയ നായ തിരിച്ചുവരാൻ നോക്കിയപ്പോൾ അതിവേഗത്തിൽ വന്ന കാർ നായക്ക് മുൻപിൽ വലിയ ശബ്ദത്തോടെ ബ്രേക്കിട്ടതോടെ പേടിച്ച നായ എങ്ങോട്ടെന്നില്ലാതെ ഓടി മറയുകയായിരുന്നു. പിന്നീട് വീട്ടുകാർ പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് ഉടമ ഹൂറ പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഫയൽ ചെയ്യുകയും ബഹ്റൈനിലെ പ്രധാന പെറ്റ് ക്ലിനിക്കുകളിൽ അറിയിക്കുകയും ചെയ്തു. നായയെ മൈക്രോ ചിപ്പ് ചെയ്ത് വന്ധ്യംകരിച്ചെങ്കിലും കാണാതാകുമ്പോൾ കോളർ ധരിച്ചിരുന്നില്ല. ഉയർന്ന താപനില താങ്ങാൻ ശേഷിയില്ലാത്ത ഈ നായ അധികം പുറം സ്ഥലങ്ങളിൽ നില്ക്കാൻ സാധ്യത ഇല്ലെന്നും തണുത്തതും തണലുള്ളതുമായ സ്ഥലങ്ങളിൽ ഒളിച്ചിരിക്കാനാണ് സാധ്യതയെന്നും വീട്ടുകാർ വ്യക്തമാക്കി. നായയെ കണ്ടുകിട്ടുന്നവർ 38872702 എന്ന നമ്പറിൽ അറിയിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.