ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ മാതൃകയിൽ വിരമിച്ച താരങ്ങൾക്കായി പ്രത്യേക ട്വന്റി20 ലീഗ് സംഘടിപ്പിക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ. ഈ ആവശ്യവുമായി ഒരു വിഭാഗം താരങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി കൂടിക്കാഴ്‌ച നടത്തിയതായാണ് റിപ്പോർട്ട്.
മുൻ താരങ്ങളുടെ ആവശ്യം ബിസിസിഐ പരിഗണിക്കുന്നതായാണ് സൂചന. അതിനാൽ അടുത്ത വർഷത്തോടെ ലെജൻഡ്‌സ് ട്വന്റി20 ലീഗ് പ്രാബല്യത്തിൽ വരുമെന്നാണ് വിലയിരുത്തൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻ താരങ്ങൾക്കായി ട്വന്റി20 ലീഗുകൾ നിലവിലുണ്ട്. അതിനാൽ ബിസിസിഐയും ഇത്തരത്തിൽ ലീഗ് സംഘടിപ്പിക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ ലീഗ് സംഘടിപ്പിക്കുന്ന ആദ്യ ക്രിക്കറ്റ് ബോർഡായി ബിസിസിഐ മാറും.
ലീഗ് യാഥാർത്ഥ്യമായാൽ സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, യുവരാജ് സിങ്, ഇർഫാൻ പഠാൻ, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങൾ വീണ്ടും കളത്തിലെത്തും. ഇന്ത്യൻ താരങ്ങൾക്ക് പുറമേ ക്രിസ് ഗെയ്‌ലും എ.ബി. ഡിവില്ലിയേഴ്സും ഉൾപ്പെടെയുള്ള താരങ്ങൾ ബിസിസിഐ സംഘടിപ്പിക്കുന്ന ലീഗിൻ്റെ ഭാഗമാകാനാണ് സാധ്യത.