മാണിക്യനും കാർത്തുമ്പിയും അപ്പക്കാളയും ശ്രീകൃഷ്ണനുമെല്ലാം വീണ്ടും തിയേറ്ററിലെത്താനൊരുങ്ങുന്നു. അതെ, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘തേൻമാവിൻ കൊമ്പത്ത്’ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. വെറുമൊരു റിലീസല്ല, 4കെ ദൃശ്യമികവിലാണ് ചിത്രം സിനിമാ പ്രേമികൾക്കിടയിലേയ്ക്ക് എത്തുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്‌ത തേന്മാവിൻ കൊമ്പത്ത് ആറ് മാസത്തിനുള്ളിൽ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4കെ അറ്റ്മോസിൽ റീമാസ്റ്റർ ചെയ്‌ത് ചിത്രം വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമ്പോൾ മലയാള സിനിമാ പ്രേമികൾക്ക് അത് മറക്കാനാവാത്ത ഒരു അനുഭവമാകുമെന്ന കാര്യം ഉറപ്പാണ്.
1994 മേയ് 13-ന് റിലീസ് ചെയ്‌ത തേന്മാവിൻ കൊമ്പത്ത് 250 ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിൽ ഓടിയത്. ആ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായി തേന്മാവിൻ കൊമ്പത്ത് മാറിയിരുന്നു. 1994-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ഈ സിനിമ കരസ്ഥമാക്കിയിരുന്നു. മോഹൻലാലിന്റെ സ്‌ഫടികം, ദേവദൂതൻ എന്നീ ചിത്രങ്ങൾ ഇതിനോടകം 4കെ മികവിൽ തിയേറ്ററിലെത്തിക്കഴിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് ഓഗസ്റ്റ് 17-നും ജനങ്ങളിലേയ്ക്കെത്തും.