യുഎഇയിൽ വേനലവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഇതോടെ കുട്ടികൾക്ക് സ്കൂളിലേയ്ക്ക് പോകുന്നതിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് രക്ഷിതാക്കൾ. എന്നാൽ തോളിൽ വലിയ ബാഗുമായി സ്കൂളിലേയ്ക്ക് പോകേണ്ടതിനേക്കുറിച്ചാണ് കുട്ടികളുടെ വിഷമം. ഇനി അതോർത്ത് വിഷമിക്കേണ്ട അവശ്യമില്ല. രാജ്യത്ത് സ്കൂൾ വിദ്യാർത്ഥികളുടെ ബാക്ക്പാക്കുകളുടെ ഭാരം നിയന്ത്രിച്ചിരിക്കുകയാണ് അധികൃതർ.
ബാക്ക്പാക്കുകൾ വിദ്യാർത്ഥികളുടെ ശരീരഭാരത്തിൻ്റെ 20 ശതമാനത്തിൽ കൂടരുതെന്നാണ് നിർദേശം. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് നടപടി. രാജ്യത്തുടനീളമുള്ള ഭൂരിഭാഗം സ്കൂളുകളും ഭാരം കുറഞ്ഞ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം, ചില സ്കൂളുകൾ വിദ്യാർത്ഥികളുടെ ഗ്രേഡ് ലെവലുകൾക്കനുസരിച്ചാണ് ബാഗിന്റെ പരമാവധി ഭാര പരിധി നിശ്ചയിക്കുന്നത്.
വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ബാക്ക്പാക്കുകൾ സംബന്ധിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് നിശ്ചയിച്ചിട്ടുള്ള സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് വിവിധ സ്കൂൾ അധികൃതർ വ്യക്തമാക്കി. രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം ഓഗസ്റ്റ് 26-നാണ് യുഎഇയിലെ സ്കൂളുകൾ തുറക്കുക.