പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്പിക്സിന് കൊടിയിറങ്ങി. ഇന്ത്യൻ സമയം തിങ്കളാഴ്‌ച പുലർച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ.ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാക വഹിച്ച് രാജ്യത്തിന്റെ അഭിമാനമായി.
അടുത്ത ഒളിംപിക്‌സിന് വേദിയാകുന്ന യുഎസിലെ ലൊസാഞ്ചൽസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരീസ് മേയർ ആനി ഹിഡാൽഗോയിൽ നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. ഇനി നാല് കൊല്ലത്തിനപ്പുറം 2028-ലാണ് യുഎസ് നഗരം അടുത്ത ഒളിംപിക്‌സിന് വേദിയാവുക.
16 ദിവസം നീണ്ട കായിക മാമാങ്കത്തിൽ 126 മെഡലുകൾ നേടി യു.എസ് ഒന്നാം സ്ഥാനക്കാരായപ്പോൾ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്.