ഒരു ദുരന്തത്തിന്റെ വേദന തീരും മുമ്പ് അടുത്തത് വന്നെത്തി. വർഷങ്ങൾക്കിപ്പുറം വീണ്ടും ദുരന്തഭൂമിയായി വയനാട് മാറി. വയനാടിനെ നടുക്കിയ പുത്തുമല ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട് തികയുകയാണ്. അപ്പോഴേയ്ക്കും വീണ്ടും മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് മേപ്പാടിയിൽ ഉരുൾപൊട്ടലെത്തി.
മുണ്ടക്കൈയ്ക്കും ചൂരൽ മലയ്ക്കും മുമ്പ് വയനാട് കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലായിരുന്നു പുത്തുമലയിലേത്. കനത്ത മഴയിൽ വൈകുന്നേരത്തോടെയാണ് ഉരുൾപൊട്ടലുണ്ടായത്. പുത്തുമലയ്ക്ക് മുകളിൽ പച്ചക്കാട് നിന്നും മലയൊന്നാകെ പൊട്ടിയൊഴുകി പുത്തുമലയിലേക്കെത്തി. ഓടി മാറാൻ പോലും കഴിയാതെ 17 ജീവനുകൾ മണ്ണിലമർന്നു. 58 വീടുകളാണ് അന്ന് പൂർണ്ണമായും തകർന്നത്. ഇവിടെ നിന്ന് കാണാതായ അഞ്ച് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
ദിവസങ്ങൾക്ക് മുമ്പ് മുണ്ടക്കൈയിലും ചൂരൽ മലയിലും അട്ടമലയിലുമുണ്ടായ ദുരന്തം മനുഷ്യമനസിന് താങ്ങാവുന്നതിലും അപ്പുറമാണ്. 400ലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 150ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ട് ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. എങ്ങോട്ട് പോകും, ആര് സംരക്ഷിക്കും, ആർക്ക് വേണ്ടി ജീവിക്കും എന്നറിയാതെ… ഇനി ഇത്തരമൊരു ദുരന്തമുണ്ടാകരുതേ എന്ന് മാത്രമാണ് എല്ലാവരുടെയും പ്രാർത്ഥന.