വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ താരത്തെ ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്‌തിയിൽ നിന്നുള്ള തൻ്റെ വിരമിക്കൽ താരം പ്രഖ്യാപിച്ചത്.
“ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എൻ്റെ ധൈര്യവും തകർന്നിരിക്കുന്നു. ഇനി എനിക്ക് ശക്തിയില്ല, ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാൻ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ” എന്നായിരുന്നു താരം കുറിച്ചത്.
ഒളിമ്പിക്സിൽ 50 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്ന് പറഞ്ഞാണ് മത്സരത്തിൽ നിന്ന് വിലക്കിയത്. സ്വർണ മെഡലിനായി ഫൈനലിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലിൽ അമേരിക്കയുടെ സാറാ ഹിൽഡ്ബ്രാണ്ടുമായാണ് താരം ഏറ്റുമുട്ടേണ്ടിയിരുന്നത്.