ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായ ഗൗതം ഗംഭീർ തൽസ്ഥാനത്ത് അധികകാലം തുടരുമെന്ന് തോന്നുന്നില്ലെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജൊഗീന്ദർ ശർമ. നിലപാടുകളുള്ള വ്യക്തിയായതിനാൽ ടീമംഗങ്ങളിൽ ചിലരുമായി യോജിച്ചുപോകാൻ ഗംഭീറിന് ബുദ്ധിമുട്ടായിരിക്കുമെന്നും താൻ കോലിയേക്കുറിച്ചല്ല പറഞ്ഞതെന്നും ജൊഗീന്ദർ ശർമ കൂട്ടിച്ചേർത്തു.
“ടീമിനെ കൈകാര്യം ചെയ്യാൻ കഴിയുന്ന വ്യക്‌തി തന്നെയാണ് ഗൗതം ഗംഭീർ. പക്ഷേ, ടീമിനൊപ്പം അധികകാലം തുടരാൻ ഗംഭീറിനു കഴിയുമെന്ന് ഞാൻ കരുതുന്നില്ല. സ്വന്തമായി തീരുമാനങ്ങളും അഭിപ്രായങ്ങളുമുള്ളയാളാണ് ഗംഭീർ അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ടീമിലെ ഏതെങ്കിലുമൊക്കെ താരങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഞാൻ വിരാട് കോലിയേക്കുറിച്ചല്ല പറയുന്നത്. ഗംഭീറിന്റെ തീരുമാനങ്ങളും നിലപാടുകളും മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്നത് മുമ്പ് നാം കണ്ടിട്ടുണ്ട്.
പറയാനുള്ളത് മുഖത്തുനോക്കി നേരിട്ടു പറയുന്നതാണ് ഗംഭീറിന് ശീലം. അദ്ദേഹം അനാവശ്യമായി ആരെയും പുകഴ്ത്താറില്ല. പുകഴ്ത്തൽ കേൾക്കാൻ താൽപര്യപ്പെടുന്നയാളുമല്ല. നമ്മളാണ് അദ്ദേഹത്തിന് ഓരോ വിശേഷണങ്ങൾ ചാർത്തിക്കൊടുക്കുന്നത്. ഗംഭീർ അദ്ദേഹത്തിൻ്റെ ജോലി ചെയ്യുന്നു. അത് സത്യസന്ധമായിത്തന്നെ ചെയ്യുന്നു” എന്നാണ് ജൊഗീന്ദർ ശർമ പറഞ്ഞത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc