വയനാട് ദുരന്തം കേരളത്തിന്റെ തീരാനോവായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരുടെയും മറ്റൊരു പ്രധാന ചർച്ചാ വിഷയം മുല്ലപ്പെരിയാറാണ്. മുല്ലപ്പെരിയാർ ഇന്ന് പൊട്ടും, നാളെ പൊട്ടും, മറ്റന്നാൾ പൊട്ടും എന്നിങ്ങനെയുള്ള പ്രവചനങ്ങളും ചർച്ചകൾ കൊഴുക്കുകയാണ്. എന്നാൽ മുല്ലപ്പെരിയാറിന്റെ അവസ്ഥ ഒരോ വർഷം കഴിയുംതോറും ശോചനീയമാണ് എന്നത് പറയാതെ വയ്യ.
ഇപ്പോൾ മിമിക്രിയിലൂടെ മുല്ലപ്പെരിയാറിന്റെ ദുരവസ്ഥ തുറന്നുകാട്ടുകയാണ് കലാകാരനായ ബേസിൽ ബെന്നി. അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ദുരന്ത ഫലങ്ങൾ വിവിധ നടന്മാരുടെ ശബ്ദത്തിലാണ് ബെന്നി അവതരിപ്പിക്കുന്നത്. മുല്ലപ്പെരിയാറിന് താഴ്ഭാഗത്തായി വരുന്ന ഒരോ ഡാമുകളെയും ജില്ലകളെയും ഓരോ താരങ്ങളായി ചിത്രീകരിച്ച് അവരുടെ ശബ്ദത്തിലാണ് അനന്തരഫലങ്ങൾ തുറന്നുകാട്ടുന്നത്.
മുല്ലപ്പെരിയാറായി ലാലു അലക്സ് എത്തുമ്പോൾ ഇടുക്കി ഡാമായി ജാഫർ ഇടുക്കിയാണ് വരുന്നത്. ചെറുതോണി ഡാമായി റിയാസ് ഖാൻ, ഭൂതത്താൻകെട്ട് ഡാമായി ടിനി ടോം, കുളമാവ് ഡാമായി ജോൺ ബ്രിട്ടാസ്, തൃശൂർ ജില്ലയായി സുരേഷ് ഗോപി, ആലപ്പുഴയായി ഗണേഷ് കുമാർ, കോട്ടയമായി സന്തോഷ് ജോർജ് കുളങ്ങര, എറണാകുളമായി ലാൽ എന്നിവരുടെ ശബ്ദമാണ് എത്തുന്നത്. ഒടുവിൽ ഗോപിനാഥ് മുതുകാടിന്റെ ശബ്ദത്തോടെ മുല്ലപ്പെരിയാർ ഡാം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ടാണ് ബേസിൽ തന്റെ മിമിക്രി വീഡിയോ അവസാനിപ്പിക്കുന്നത്.
നിമിഷനേരത്തിനുള്ളിൽ വീഡിയോ വൈറലാകുകയും ചെയ്തു. ഒരുപാട് ചിന്തിക്കേണ്ട വിഷയത്തെ മനോഹരവും രസകരവുമായി അവതരിപ്പിച്ചുവെന്നാണ് എല്ലാവരും ഒറ്റ ശബ്ദത്തിൽ കമന്റ് ചെയ്യുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ബെന്നി ഇത്തരമൊരു റീൽ ചെയ്തത്. ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. വൈറൽ വീഡിയോ ഇതാ…