വിനോദസഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ പുതിയ സംവിധാനം ആരംഭിച്ച് ദുബായ് പൊലീസ്. സഞ്ചാരികൾക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതികളുണ്ടെങ്കിൽ ടൂറിസ്റ്റ് പൊലീസുമായി നേരിട്ടു ബന്ധപ്പെടാനുള്ള സൗകര്യമാണ് ദുബായ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
901 എന്ന നമ്പരിൽ വിളിച്ചോ പൊലീസിന്റെ ഡിജിറ്റ് ആപ് ഉപയോഗിച്ചോ ടൂറിസ്റ്റ് പൊലീസുമായി ബന്ധപ്പെടാം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾ മോശം പെരുമാറ്റം നേരിടുകയോ, മോഷണം പോലുള്ള കുറ്റകൃത്യങ്ങളിൽ ഇരയാകുകയോ ചെയ്താൽ ഉടൻ അധികൃതരെ അറിയിക്കാനാണ് നിർദേശം.
ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. എമിറേറ്റിലെത്തുന്നവർ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മാത്രമേ നൽകാവൂ എന്നും മറ്റാരെയെങ്കിലുമോ അനധികൃത സ്ഥലങ്ങളിലോ ഏൽപ്പിക്കരുതെന്നും ദുബായ് പൊലീസ് അറിയിച്ചു. അതോടൊപ്പം ഏതുതരം ചൂഷണം നേരിട്ടാലും ടൂറിസം പൊലീസുമായി നേരിട്ട് ബന്ധപ്പെടാനും നിർദേശമുണ്ട്.