പ്രവാസികൾക്ക് ആശ്വാസമാകുന്ന നടപടിയുമായി അബുദാബി. പ്രവാസികളുടെ മൃതദേഹം ഇനി നാട്ടിലെത്തിക്കാൻ ഒരുപാട് പണം മുടക്കേണ്ട ആവശ്യമില്ല. പകരം എയർ കാർഗോ ചാർജ് മാത്രം നൽകിയാൽ മതി.
മരണ സർട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് പൂർണമായും ഒഴിവാക്കിയത്. ഇന്നലെ രാവിലെ 10 മുതൽ ഈ തുക ഈടാക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകനായ ബി.സി.അബൂബക്കർ വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റിന് 103 ദിർഹം, എംബാമിങ്ങിന് 1,106 ദിർഹം, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്ക് 1,209 ദിർഹം ഉൾപ്പെടെ 2,418 ദിർഹമായിരുന്നു (55,000 രൂപ) നിരക്ക്. ഈ തുകയാണ് ഇപ്പോൾ ഒഴിവാക്കിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പണമില്ലാത്തതിൻ്റെ പേരിൽ പ്രവാസികളെ ഗൾഫിൽ തന്നെ സംസ്‌കരിക്കുന്നത് സാധാരണമാണ്. അതിനാൽ ഇനി മുതൽ ഫ്ലൈറ്റിൽ കാർഗോ ചാർജ് മാത്രം നൽകിയാൽ മതി. അതായത് എയർ ഇന്ത്യക്ക് 3,265 ദിർഹം (74,100 രൂപ) എയർ അറേബ്യയിലും ഇൻഡിഗോയിലും 2,400 (54,500 രൂപ), ഇത്തിഹാദിൽ 3,800 (86,300 രൂപ) എന്നിങ്ങനെയാണ് കാർഗോ ചാർജ്. ഈ തുക കൂടി വഹിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും ഇല്ലാതെയാകും.