വയനാട്ടിലെ ദുരന്തഭൂമിയിൽനിന്ന് നാലാം നാൾ നാലുപേരെ ജീവനോടെ രക്ഷപെടുത്തി. പടവെട്ടിക്കുന്ന് ഭാഗത്ത് സൈന്യം നടത്തിയ തെരച്ചിലാണ് നാല് പേരെ ദുരന്തത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് സൈന്യം രക്ഷപെടുത്തിയത്.
മുണ്ടകൈ കാഞ്ഞിരക്കത്തോട്ട് വീട്ടിലെ അംഗങ്ങളായ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം രക്ഷപ്പെടുത്തിയതെന്നാണ് വിവരം. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സംഘത്തിലെ സ്ത്രീയുടെ കാലിനാണ് പരുക്കേറ്റിട്ടുള്ളത്.
സൈന്യം നിർമിച്ച ബെയ്ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം അതിവേഗത്തിലായിട്ടുണ്ട്. മഴയും കുത്തൊഴുക്കും തുടരുന്നുണ്ടെങ്കിലും പ്രദേശത്ത് ജീവൻ്റെ തുടിപ്പുകൾ ശേഷിക്കുന്നുണ്ടോയെന്ന അന്വേഷണത്തിലാണ് രക്ഷാപ്രവർത്തകർ. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ ആറ് മേഖലകളാക്കി തരംതിരിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
സൈന്യത്തിനൊപ്പം രക്ഷാപ്രവർത്തനത്തിന് പൊലീസും എൻഡിആർഫും കോസ്റ്റ്ഗാർഡും വനം – നേവി സംഘങ്ങളുമുണ്ട്. നാട്ടുകാരുടെ സേവനവും ലഭ്യമാണ്. അതേസമയയം 292 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. ചാലിയാറിൽനിന്ന് ഇതുവരെ 172 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരിച്ചവരിൽ 20 ൽ അധികം കൊച്ചുകുട്ടികളും ഉൾപ്പെടുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc