വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പ്രവാസി സംഘടനയായ മാസ് രംഗത്ത്. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി രണ്ട് വീടുകൾ മാസ് നിർമ്മിച്ചുനൽകും. കേരള സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള വീടുകൾ ആയിരിക്കും നിർമിച്ചുനൽകുകയെന്നും മാസ് ഭാരവാഹികൾ പറഞ്ഞു.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായം എത്തിക്കാൻ മാസ് അംഗങ്ങളോടും പൊതു സമൂഹത്തിനോടും അഭ്യർത്ഥിച്ചു. ദുരന്തത്തിലകപ്പെട്ടവർക്ക് സഹായമെത്തിച്ച് സഹജീവീ സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാവാൻ പ്രവാസി സമൂഹവും ബാധ്യസ്ഥരാണെന്നും മാസ് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വയനാട് മുണ്ടകൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ 280ൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ഇരുനൂറിലധികം ആളുകളെ കാണാതായിട്ടുണ്ട്. ആയിരത്തിലധികം വീടുകൾ പൂർണമായൊ ഭാഗീകമായൊ നഷ്ടമായി. രക്ഷാപ്രവർത്തനം തുടരുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനും കേരളത്തിനൊപ്പം പ്രവാസിസമൂഹവും ഒന്നിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc