ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുളള സാധ്യതാ പട്ടികയില്‍ ഇന്ത്യന്‍ വംശജനും. ഇന്ത്യൻ വംശജൻ റിഷി സുനകിന് സാധ്യതയേറുന്നതായാണ് റിപ്പോര്‍ട്ടുകൾ. മുന്‍ ധനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവുമായ ഋഷി സുനക് ബ്രിട്ടനിലെ മികച്ച പ്രധാനമന്ത്രിയായിരിക്കുമെന്നാണ് അഭിപ്രായ സര്‍വ്വേകൾ സൂചിപ്പിക്കുന്നത്.
റിഷി സുനകിന്‍റെ സാധ്യതകൾ
റിഷി സുനകിന് എതിരാളിയായി മുൻ മന്ത്രി പെന്നി മോഡന്റും രംഗത്തെത്തിയേക്കും. അതേസമയം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും മത്സരത്തിനിറങ്ങുമെന്നും സൂചനയുണ്ട്. പുതിയ പ്രധാനമന്ത്രി അടുത്ത വെള്ളിയാഴ്ച്ച അധികാരമേൽക്കും. ഭരണത്തില്‍ ഏറി 45ആം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് രാജിവച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് അനിവാര്യമായത്.
തിങ്കളാഴ്ച ഉച്ചവരെ നോമിനേഷൻ സമർപ്പിക്കാം. 100 എംപിമാരുടെ പിന്തുണയുളളവർക്കാണ് മത്സരത്തിന് യോഗ്യത ലഭ്യമാവുക. 357 എംപിമാരാണ് ഭരണ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുളളത്. പാര്‍ടിയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ രണ്ട് റൗണ്ട് വോട്ടെടുപ്പിലും ഋഷി സുനക് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പില്‍ ലിസ് ട്രസ് മുന്നേറ്റം നടത്തിയതോടെ ഋഷി സുനകിന് അവസരം നഷ്ടമാവുകയായിരുന്നു.
ലിസ് ട്രസിന്‍റെ രാജി
പുതിയ സാമ്പത്തിക നയങ്ങൾ ബ്രിട്ടനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തളളിവിട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ലിസ് ട്രസിന്‍റെ രാജിയുണ്ടായത്. ജനഹിതം നടപ്പാക്കാനായില്ലെന്നും ഖേദിക്കുന്നതായും രാജിക്ക് മുമ്പ് ലിസ് ട്രസ് വ്യക്തമാക്കിയിരുന്നു. കൺസർവേറ്റീവ് നേതാവായി മത്സരിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെന്നാണ് പ്രാധാന ആരോപണം. ലിസ് ട്രസിന്‍റെ നയങ്ങൾ പാർട്ടിയുടെ വിശ്വാസം നഷ്ടപ്പെടുത്തിയെന്നും വിലയിരുത്തലുണ്ടായി.
ബ്രിട്ടന്‍റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിച്ച പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് നറുക്കുവീണാല്‍ പുതു ചരിത്രമാകും ബ്രിട്ടനില്‍ രേഖപ്പെടുത്തുക.