ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ 14-ാം ദിവസത്തിലേയ്ക്ക് കടന്നു. പുഴയിലെ അടിയൊഴുക്കിനേത്തുടർന്ന് മുങ്ങൽ വിദഗ്ധർക്ക് തിരച്ചിൽ നടത്താൻ സാധിക്കാത്തതിനാൽ തിരച്ചിലിനായി തൃശ്ശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധനയ്ക്കായി തൃശ്ശൂരിൽ നിന്നുള്ള സംഘം അങ്കോലയിലേക്ക് തിരിച്ചിട്ടുണ്ട്.
യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കർണാടകയിലേക്ക് പോയത്. അവിടെയെത്തി പരിശോധന നടത്തിയ ശേഷം അനുകൂലമാണെങ്കിൽ ഡ്രഡ്ജർ കൊണ്ടുപോകാനാണ് തീരുമാനം. കുത്തൊഴുക്കിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന പരിശോധന നടത്താനാണ് വിദഗ്ധർ പോകുന്നത്. വെള്ളത്തിന് മുകളിൽ നിന്നുകൊണ്ട് മണ്ണുമാറ്റുന്ന സംവിധാനമാണ് ഡ്രഡ്ജർ.
നിലവിൽ പുഴയുടെ ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. മഴയും മാറിനിൽക്കുകയാണ്. എന്നാൽ, പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴും നിലവിലുള്ളത്. ഒഴുക്ക് അനുകൂലമായില്ലെങ്കിൽ ഇത് ഷിരൂരിൽ എത്തിച്ചാലും ഉപയോഗിക്കാൻ സാധിക്കില്ലെന്നതാണ് മറ്റൊരു വസ്തുത.
അതേസമയം, എൻ.ഡി.ആർ.എഫിൻ്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തു നിന്ന് മടങ്ങി. അർജുന് വേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോൾ ഷിരൂരിൽ നടക്കുന്നില്ല. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികളാണ് ഇവിടെ പുരോഗമിക്കുന്നത്.