അപ്രതീക്ഷിതമായുണ്ടായ മകൻ റാഷിൻ്റെ (സാപ്പി) വേർപാട് നടൻ സിദ്ദിഖിന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. സാപ്പിയുടെ ഓർമ്മകളിൽ വിങ്ങിയിരിക്കുന്ന സിദ്ദീഖിന്റെ കുടുംബത്തിന്റെ കണ്ണീരകറ്റാൻ ഒരു കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. സിദ്ദീഖിന്റെ മകനും നടനുമായ ഷാഹിൻ സിദ്ദീഖിനും ഭാര്യ ഡോ.അമൃത ദാസിനും ഒരു പെൺകുഞ്ഞ് ജനിച്ചു.
അമൃത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. “രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കുടി വളർന്നിരിക്കുന്നു. ദുഅ ഷഹീൻ എന്ന മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു” എന്നാണ് ഡോ.അമൃത സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്. കുഞ്ഞിൻ്റെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് അമൃത കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെയാണ് സിദ്ദീഖിൻ്റെ മൂത്തമകനായ സാപ്പി എന്ന് വിളിക്കുന്ന റാഷിൻ അന്തരിച്ചത്. ശ്വാസതടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു റാഷിന്റെ അന്ത്യം. ഇതോടെ സിദ്ദീഖും കുടുംബവും മാനസികമായി തളർന്നിരുന്നു.