ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ 13-ാം ദിവസത്തിലേയ്ക്ക് കടന്നു. മുൻദിവസങ്ങളിലെ പോലെ പുഴയിലെ അടിയൊഴുക്കാണ് ഇന്നും രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചു. കുന്ദാപുരത്തുനിന്നുള്ള മുങ്ങൽ വിദഗ്‌ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ധരാണ് അർജുനായി ഇന്നും പുഴയിൽ തിരച്ചിൽ നടത്തുന്നത്.
അതേസമയം, സ്വന്തം റിസ്കിലാണ് പുഴയിലിറങ്ങുന്നതെന്നും അടിത്തട്ടിൽ ഒട്ടും കാഴ്ചയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് സാധനങ്ങൾ പലതും തിരിച്ചറിയുന്നതെന്നും തിരച്ചിൽ ദുഷ്കരമാണെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി. “എൻ്റെ ജീവൻ ഞാൻ നോക്കിക്കോളാമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർക്ക് ഒപ്പിട്ടുകൊടുത്ത് സ്വന്തം റിസ്കിലാണ് പുഴയിലിറങ്ങുന്നത്. അർജുൻ അവിടെയുണ്ടെന്ന പ്രതീക്ഷയിലാണ് തിരച്ചിൽ.
12.6 നോട്ടുവരെയാണ് പുഴയിലെ അടിയൊഴുക്ക്. പുഴയുടെ അടിയിൽ ഒട്ടും കാഴ്‌ചയില്ല. കൈകൊണ്ട് തൊട്ടുനോക്കിയാണ് സാധനങ്ങൾ പലതും തിരിച്ചറിയുന്നത്. കഴിഞ്ഞദിവസം ആറുതവണ മുങ്ങിത്തപ്പി. പുഴയുടെ അടിത്തട്ടത്തിൽ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തിൽ തട്ടി. മൂന്ന് പോയിന്റിൽ തപ്പി. ഇളകിയ മണ്ണാണ് അടിയിൽ ഉള്ളത്. പുഴയുടെ അടിയിൽ വൈദ്യുതി കമ്പികളുണ്ട്, അത് മാറ്റി ഇന്ന് പരിശോധന നടത്തും” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം ഒരു തവണ മൽപെയെ ബന്ധിച്ചിരുന്ന വടംപൊട്ടി നൂറുമീറ്ററോളം അദ്ദേഹം ഒഴുകിപോകുകയും ചെയ്തിരുന്നു. എങ്കിലും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അർജുനായുള്ള തിരച്ചിൽ തുടരുകയാണ് മൽപെ ഉൾപ്പെടെയുള്ള ഒരു സംഘം.