ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്ന് 11-ാം ദിവസത്തിലേയ്ക്ക്. ഇന്നും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി നിൽക്കുകയാണ് ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക്. അതിനാൽ തിരച്ചിൽ വീണ്ടും നീണ്ടേക്കാമെന്ന ആശങ്കയിലാണ് രക്ഷാപ്രവർത്തകർ.
ഷിരൂരിൽ കാലാവസ്ഥ ഇപ്പോഴും പ്രതികൂലമായി തുടരുകയാണ്. നിലവിൽ ആറ് നോട്ടിന് മുകളിലാണ് പുഴയിലെ അടിയൊഴുക്ക്. രണ്ട് നോട്ട് അടിയൊഴുക്കാണ് പുഴയിൽ ഇറങ്ങാനുള്ള അനുകൂലമായ സാഹചര്യം. മൂന്ന് നോട്ടിലേക്കെങ്കിലും ശക്തി കുറഞ്ഞാൽ ലോറിക്കടുത്തേക്ക് പോകാൻ ശ്രമം നടത്താമെന്നാണ് ഡൈവിങ് സംഘത്തിൻ്റെ തീരുമാനം.
അതേസമയം, ഇന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തില്ല. ഡ്രോൺ പരിശോധനയ്ക്ക് നേതൃത്വം നൽകിയ റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിൽനിന്ന് തിരിച്ചുപോയി. കഴിഞ്ഞദിവസം നടത്തിയ പരിശോധനയെക്കുറിച്ച് വിശദമായ റിപ്പോർട്ട് അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തിരച്ചിൽ നടത്തുന്നത്. എന്നാൽ ഇന്നലെ പകൽ തെർമൽ ഇമേജിങ് പരിശോധനയിൽ പുഴയ്ക്കടിയിലെ ലോറിക്കകത്ത് മനുഷ്യശരീരത്തിൻ്റെ സാന്നിധ്യം കണ്ടെത്താനായില്ല.
ട്രക്ക് കണ്ടെത്തിയ ഭാഗത്ത് അർജുൻ ഉണ്ടോയെന്നാണ് ഇന്ന് പ്രധാനമായും പരിശോധിക്കുക. നേവിയുടെ സോണാർ പരിശോധനയും തുടരും. കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ഭാഗത്തുതന്നെയാണോ ഇന്നും ട്രക്കിന്റേതെന്ന് സംശയിക്കുന്ന ലോഹഭാഗമുള്ളത് എന്നും പരിശോധിക്കും.