ലോകം കാത്തിരിക്കുന്ന അത്ഭുതമായ പാരീസ് ഒളിമ്പിക്സിന് നാളെ തിരി തെളിയും. പാരീസിന്റെ സെൻ നദിക്കരയിൽ നാളെ ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമാകുക. ചരിത്രത്തിലാദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ വിവിധ പരിപാടികൾ ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കും.
ലോകാത്ഭുതമായ ഈഫൽ ടവറിന് അഭിമുഖമായി തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഓസ്റ്റർലിറ്റസ് പാലത്തിന് സമീപത്ത് നിന്ന് പ്രാദേശികസമയം വൈകിട്ട് 7.30ന് നൂറിലധികം ബോട്ടുകളിലായി പാസ്റ്റ് ആരംഭിക്കും. വിവിധ രാഷ്ട്ര തലവൻമാരും സുപ്രധാന വ്യക്തികളും പരേഡിനെ അഭിവാദ്യം ചെയ്യും. 3,000ലധികം കലാകരൻമാരാണ് വിവിധ പരിപാടികൾ അവതരിപ്പിക്കുക. മൂന്നരലക്ഷത്തിലധികം കാണികൾക്ക് ഉദ്ഘാടന ചടങ്ങ് നേരിട്ട് കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
സംഘാടക സമിതി വിതരണം ചെയ്യുന്ന ടിക്കറ്റിന് 1,600 യൂറോ (ഏകദേശം 1.48 ലക്ഷം രൂപ) മുതൽ 3,000 യൂറോ (ഏകദേശം 2.76 ലക്ഷം രൂപ) വരെയാണ് ഈടാക്കുന്നത്. ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്ക്രീനുകളിൽ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും. ഒളിമ്പിക്സിന് സുരക്ഷയൊരുക്കാൻ 45,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാരീസിൽ വിന്യസിച്ചിരിക്കുന്നത്.