ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ് പുതിയ ദൗത്യത്തിന് ഒരുങ്ങുന്നതായി സൂചന. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ ദ്രാവിഡ് പരിശീലിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ഇതിനായി രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റ് ദ്രാവിഡുമായി ചർച്ചകൾ തുടരുകയാണ്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായും മെൻ്ററായുമെല്ലാം പ്രവർത്തിച്ച താരമാണ് ദ്രാവിഡ്. ടീം ചാംപ്യൻസ് ലീഗ് ഫൈനലിലെത്തിയതും 2013-ൽ പ്ലേ ഓഫ് കളിച്ചതും ദ്രാവിഡ് ക്യാപ്റ്റനായിരുന്ന സമയത്തുമാണ്. അതിനാൽ ദ്രാവിഡിനെ രാജസ്ഥാനൊപ്പം വീണ്ടും നിർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
2021 ഒക്ടോബറിൽ ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകനായെത്തിയ ദ്രാവിഡ‍് ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞത്. ഇതോടെ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തുകയായിരുന്നു. ദ്രാവിഡ് തിരികെ രാജസ്ഥാനിലേയ്ക്ക് എത്തിയാൽ മത്സരങ്ങളിൽ ടീമിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നത് തീർച്ചയാണ്.