കുവൈത്തിലെ അബ്ബാസിയയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ചു മരിച്ച തലവടി സ്വദേശികളായ കുടുംബത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തലവടി നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വർഗീസ് മുളയ്ക്കൽ (42), ഭാര്യ ലിനി ഏലിയാമ്മ (38), മക്കളായ ഐറിൻ റേച്ചൽ മാത്യൂസ് (14), ഐസക് മാത്യൂസ് മുളയ്ക്കൽ (10) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.
കുവൈത്തിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. വിമാനത്താവളത്തിൽ വെച്ച് വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകളും നടത്തി. പിന്നീട് മൃതദേഹങ്ങൾ ആംബുലൻസിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജൂലൈ 25 (വ്യാഴം) പുലർച്ചെ 5.30ന് വിലാപയാത്രയായി വീട്ടിൽ എത്തിക്കുന്ന മൃതദേഹങ്ങൾ 11.30 വരെ പൊതുദർശനത്തിനായി വയ്ക്കും. തുടർന്ന് ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.