ഇമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാം. ഇതിനായി അബുദാബി ഷെയ്ഖ് സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റ് സംവിധാനം ആരംഭിച്ചു. ഇനി മുതൽ അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് സ്വയം ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ഇതോടെ 25 സെക്കൻഡ് വേണ്ടി വരുന്ന നടപടികൾ വെറും 7 സെക്കൻഡിൽ പൂർത്തിയാക്കാം.
സെൽഫ് സർവീസ് ബാഗേജ് ഡെലിവറി, എമിഗ്രേഷൻ സ്മാർട് ഗേറ്റിലും ബോർഡിങ് ഗേറ്റിലും മുഖം തിരിച്ചറിയാനുള്ള സംവിധാനം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം വഴി ടിക്കറ്റ് പരിശോധന, യാത്ര രേഖകളുടെ പരിശോധന തുടങ്ങിയവയെല്ലാം ഒറ്റ പോയിൻ്റിൽ ചെയ്യാൻ സാധിക്കും. വിമാനത്താവളത്തിനുള്ളിലെ എല്ലാ ബയോമെട്രിക് സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ ഇത്തിഹാദ് എയർലൈനുകളാണ് സ്മാർട്ട് ഗേറ്റ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഇത്തിഹാദിനു പുറമെ 5 എയർ ലൈനുകളുടെ ചെക്ക് ഇൻ നടപടികളും സ്മാർട്ട് ഗേറ്റ് സംവിധാനം ഉടൻ നടപ്പാക്കും. അടുത്ത വർഷം ആകുമ്പോഴേക്കും എല്ലാ എയർലൈനുകളുടെ ചെക്ക് ഇൻ നടപടികളും ഇ ഗേറ്റിലൂടെ പൂർത്തിയാക്കാമെന്ന് അധികൃതർ വ്യക്തമാക്കി.