ബിസിസിഐക്ക് എതിരെ രൂക്ഷമായ വിമർശനവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും തന്നെ ടീമിൽ നിന്നും മാറ്റിനിർത്തുകയാണെന്നും ഇതിൽ കൂടുതൽ എന്താണ് നിങ്ങൾ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഷമി ബിസിസിഐയോട് ചോദിച്ചു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷമി തുറന്നടിച്ചത്.
സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടും ഐസിസി ടൂർണമെൻ്റുകളിൽ ഷമിയെ തുടർച്ചയായി കളിപ്പിക്കാൻ ബിസിസിഐ തയ്യാറായിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തിലും ന്യൂസീലൻഡിനെതിരായ സെമി ഫൈനലിലും താരത്തെ കളിപ്പിച്ചിരുന്നില്ല. “2019-ൽ ആദ്യത്തെ 4-5 മത്സരങ്ങളിൽ ഞാൻ കളിച്ചിരുന്നില്ല. അടുത്ത മത്സരത്തിൽ ഞാൻ ഹാട്രിക് നേടി. പിന്നീടത്തെ കളിയിൽ അഞ്ച് വിക്കറ്റുകളും അതിനു ശേഷം നാലു വിക്കറ്റുകളും സ്വന്തമാക്കി. 2023 ഏകദിന ലോകകപ്പിലും ഇങ്ങനെ തന്നെയായിരുന്നു.
എനിക്ക് ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല. തിരിച്ചുവന്നപ്പോൾ അഞ്ചു വിക്കറ്റും നാലു വിക്കറ്റുമൊക്കെ വീണ്ടും നേടി. എല്ലാ ടീമുകൾക്കും ഏറ്റവും നല്ല പ്രകടനം നടത്തുന്നവരെയാണ് ആവശ്യം. മൂന്ന് മത്സരങ്ങളിൽ നിന്ന് ഞാൻ 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ എന്താണ് നിങ്ങൾ എന്നിൽനിന്നു പ്രതീക്ഷിക്കുന്നത്? ഇതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. ഞാൻ ആരെയും ചോദ്യം ചെയ്തിട്ടില്ല. ഉത്തരങ്ങളും ലഭിച്ചിട്ടില്ല.
അവസരം കിട്ടുമ്പോൾ നല്ല പ്രകടനം നടത്തുക എന്നതു മാത്രമാണ് എനിക്കു ചെയ്യാൻ സാധിക്കുന്ന കാര്യം. നിങ്ങൾ എനിക്ക് ഒരു അവസരം നൽകി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഞാൻ 13 വിക്കറ്റുകൾ നേടി. പിന്നീട് നമ്മൾ ന്യൂസീലൻഡിനോടു തോറ്റു. 2023-ൽ ഏഴു മത്സരങ്ങളിൽ നിന്ന് ഞാൻ 24 വിക്കറ്റുകളാണ് വീഴ്ത്തിയത്.” എന്നാണ് ഷമി വ്യക്തമാക്കിയത്.
കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ ഇന്ത്യ 28 മത്സരങ്ങൾ കളിച്ചപ്പോൾ 18 എണ്ണത്തിൽ മാത്രമാണു ഷമി കളിക്കാനിറങ്ങിയത്. 2019ൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ലോകകപ്പ് കളിക്കാനിറങ്ങിയപ്പോൾ അഫ്ഗാനിസ്ഥാനെതിരായ അഞ്ചാം മത്സരത്തിലാണ് ഷമിക്ക് അവസരം ലഭിച്ചത്. ഈ മത്സരത്തിൽ ഹാട്രിക്കും, ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റും നേടി. 2023 ഏകദിന ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ പരുക്കേറ്റു പുറത്തായപ്പോഴാണ് ഷമിയെ ബിസിസിഐ പ്ലേയിങ് ഇലവനിലേക്കു പരിഗണിച്ചത്.