അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഹൈബ്രിഡ് മാതൃക പിന്തുടരേണ്ടതില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയെ പാക്കിസ്ഥാനിലേയ്ക്ക് കൊണ്ടുവരേണ്ടത് ഐ.സി.സിയുടെ ചുമതലയാണെന്ന് പി.സി.ബി അറിയിച്ചതായാണ് റിപ്പോർട്ട്. ഇക്കാര്യം ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി രാജ്യാന്തര ക്രിക്കറ്റ് സംഘടനയെ അറിയിച്ചതായാണ് സൂചന.
ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാക്കിസ്ഥാനിലേയ്ക്ക് പോകില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. അതിനാൽ പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിൻ്റെ വേദികൾ ദുബായിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റണമെന്നതായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇതിനെതിരെയാണ് ഇപ്പോൾ പി.സി.ബി രംഗത്തെത്തിയിരിക്കുന്നത്.
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് അടുത്തവർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാക്കിസ്ഥാനിൽ വെച്ചാണ് നടത്തുക. എട്ട് ടീമുകളാണ് മാച്ചിൽ പങ്കെടുക്കുന്നത്. മത്സരങ്ങളുടെ ഷെഡ്യൂൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ മാസം ഐ.സി.സിക്ക് സമർപ്പിച്ചിരുന്നു. അതനുസരിച്ച് ഇന്ത്യയുടെ മത്സരം ലാഹോറിൽ വെച്ച് മാർച്ച് ഒന്നിനാണ് നടക്കുക.
2008 മുതൽ ഇന്ത്യ പാക്കിസ്ഥാൻ പര്യടനം നടത്തിയിട്ടില്ല. അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിക്കുന്നതുവരെ ഇന്ത്യ-പാകിസ്‌താൻ ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരം പുനരാരംഭിക്കില്ലെന്ന് കഴിഞ്ഞവർഷം കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഏഷ്യാ കപ്പിനായി പാക്കിസ്ഥാനിലേക്ക് പോകില്ലെ വ്യക്തമാക്കിയതിനെത്തുടർന്ന് ഹൈബ്രിഡ് മോഡലിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ വെച്ച് നടത്തിയിരുന്നു. അതേസമയം, പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് കഴിഞ്ഞ ഏകദിന ലോകകപ്പ് കളിക്കാനായി എത്തിയിരുന്നു.